മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടു; ലെനിൻ രാജേന്ദ്രൻ്റെ മൃതദേഹം ആശുപത്രി അധികൃതർ വിട്ടുനൽകി

single-img
15 January 2019

സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ മൃതദേഹം വിട്ടുകിട്ടുന്നതിനെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിനൊടുവിൽ മുഖ്യമന്ത്രിയുടെ ഓഫീസിൻ്റെ ഇടപെടൽ. മുഖ്യമന്ത്രിയുടെ ഓഫീസ് ഇടപെട്ടതിന് പിന്നാലെ ആശുപത്രി അധികൃതര്‍ മൃതദേഹം വിട്ടുനല്‍കി.  ലെനിൻ രാജേന്ദ്രൻ്റെ ചികിത്സയ്ക്കായി ചെലവായ 72 ലക്ഷം രൂപ അടയ്ക്കാത്തതിനെ തുടര്‍ന്നാണ് മൃതദേഹം വിട്ടുനല്‍കില്ലെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയത്.

വാർത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രശ്‌നത്തില്‍ അടിയന്തിരമായി ഇടപെടുകയായിരുന്നു. നോര്‍ക്ക ഉദ്യോഗസ്ഥര്‍ രാത്രി ആശുപത്രിയിലെത്തി അധികൃതരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. ആശുപത്രിയില്‍ അടയ്‌ക്കേണ്ട ബാക്കി തുക സര്‍ക്കാര്‍ നല്‍കുമെന്നും  അധികൃതർ അറിയിച്ചു.

നേരത്തെ ചികിത്സയ്ക്കായി അദ്ദേഹത്തിന് സര്‍്ക്കാര്‍ ധനസഹായം നല്‍കിയിരുന്നു. ആശുപത്രി ചെലവായി നേരത്തെ അപ്പോളയില്‍ 32 ലക്ഷമാണ് അടച്ചിരുന്നത്. തുടര്‍ന്ന് മൃതശരീരം മോര്‍ച്ചറിയിലേക്ക് മാറ്റി. ഇന്ന് രാവിലെ 9ന് രാമചന്ദ്ര മെഡിക്കല്‍ കൊളേജില്‍ എംബാം ചെയ്തു തിരുവനന്തപുരത്തേക്ക് കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ.

തിങ്കളാഴ്ച രാത്രി ഒന്‍പത് മണിയോടെയാണ് കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ലെനിന്‍ രാജേന്ദ്രന്‍ അന്തരിച്ചത്. ഒരുമാസം മുന്‍പ് അദ്ദേഹത്തിന് കരള്‍ മാറ്റ ശസ്ത്രക്രിയ നടത്തിയിരുന്നു. ഇന്നലെ വൈകീട്ട് ആരോഗ്യനില വഷളായി തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.