ശബരിമലയിൽ പോയതിന് കനകദുർഗ്ഗയ്ക്കു മർദ്ദനമേറ്റ സംഭവം; കനകദുർഗ്ഗയെ മർദ്ദിച്ച ഭർത്തൃമാതാവും കുടുംബവും കടുത്ത ബിജെപി അനുഭാവികൾ

single-img
15 January 2019

സുപ്രീംകോടതിയുടെ യുവതി പ്രവേശന വിധിവന്നശേഷം ആദ്യമായി ശബരിമല ചവിട്ടിയ കനകദുർഗ്ഗയെ മർദ്ദിച്ച ഭർത്തൃ മാതാവും കുടുംബവും കടുത്ത ബിജെപി അനുഭാവികൾ. തങ്ങളെ അറിയിക്കാതെയാണ് കനക ദുര്‍ഗ വീട്ടില്‍ നിന്ന് പോയതെന്ന് കനകദുർഗ്ഗയുടെയും ഭർത്താവിൻ്റെയും കുടുംബാംഗങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. കനക ദുര്‍ഗയുടെ ഭര്‍ത്താവ് ബിജെപി പ്രവര്‍ത്തകനായതിനാൽ ഈ സംഭവത്തിൽ ബിജെപി നേതൃത്വം നിലപാടുകളൊന്നും എടുത്തിരുന്നില്ല.

പുലർച്ചയോടെ വീട്ടിലെത്തിയ കനകദുർഗയെ ഭർത്താവിന്റെ അമ്മ പട്ടിക കൊണ്ട് തലക്കടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കനകദുർഗ്ഗയ്ക്കു സുരക്ഷയൊരുക്കാൻ സ്ഥലത്തുണ്ടായിരുന്ന പൊലീസ് അവരെ പെരിന്തൽമണ്ണ താലൂക്ക് ആശുപത്രിയിയിലേക്ക് മാറ്റിയിരിക്കുകയാണ്. പരിക്ക് ഗുരുതരമല്ലെന്നാണ് സൂചനകൾ.

സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥയായ കനക ദുർഗയുടെ അവധി കാലാവധി ഇന്ന് അവസാനിക്കുന്നതിനാലാണ് പുലർച്ചയോടെ വീട്ടിലെത്തിയത്. മലചവിട്ടിയതിനെ തുടർന്ന് ഭീഷണി നിലനിൽക്കുന്നതിനാൽ അങ്ങാടിപ്പുറത്തുള്ള അവരുടെ വീടിന് സുരക്ഷ ശക്തമാക്കിയിരുന്നു. വീടിന് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കേണ്ട എന്നു ബിജെപി നേതൃത്വം നിപാടെടുത്തതായി സൂചനകളുണ്ടായിരുന്നു.

കനകദുര്‍ഗ ദര്‍ശനം നടത്തുമെന്ന് സ്വപ്നത്തില്‍പ്പോലും വിചാരിച്ചിരുന്നില്ലെന്നും, തങ്ങളും ഭക്തരാണെന്ന് കനകദുര്‍ഗയുടെ സഹോദരന്‍ വെളിപ്പെടുത്തലുമായി രംഗത്തെത്തിയിരുന്നു. ബ്രാഹ്മണകുടുംബാംഗമായ കനകദുർഗ്ഗയുടെ ശബരിമല പ്രവേശനത്തിനെതിരെ കുടുംബത്തിൽ നിന്നുതന്നെ വൻ വിമർശനമാണ് ഉയർന്നിരുന്നത്.