ശബരിമല നടയടച്ചുകഴിഞ്ഞാൽ ഈ മൂന്നു പേർക്ക് എന്തുസംഭവിക്കും?

single-img
15 January 2019

മകരവിളക്ക് കഴിഞ്ഞ് ശബരിമല നട അടയ്ക്കുന്നതിനു പിന്നാലെ ഈ വിഷയത്തിൽ പ്രമുഖ സ്ഥാനത്തുനിന്ന് മൂന്നുപേർക്ക് എന്തുസംഭവിക്കും.  ശബരിമല തന്ത്രി കണ്ഠരര് രാജീവര്, തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാർ, സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ എന്നിവരുടെ ഭാവിയാണ് ഈ അവസരത്തിൽ വാർത്താപ്രാധാന്യം കെെവരിക്കുന്നത്. മണ്ഡലകാലത്ത് ശബരിമലയെ സംബന്ധിക്കുന്ന ഓരോ വിഷയത്തിലും അതതുകാലത്ത്
പ്രത്യക്ഷമായി നിർണായക ഇടപെടലുകൾ നടത്തിയവരാണ് ഈ മൂന്നുപേർ.

ശബരിമലയിൽ യുവതികൾ ദർശനം നടത്തിയതിനു പിന്നാലെ നടയടച്ച് ശുദ്ധ ക്രിയകൾ ചെയ്ത് തന്ത്രി ആ പദവിയിൽ തുടരുമോ എന്നുള്ളതാണ് പ്രധാന ചോദ്യം.  അതിനുപിന്നാലെ ശബരിമല വിധിയിൽ വിയോജിച്ച് വിശ്വാസികൾക്കൊപ്പം എന്ന് പ്രഖ്യാപിച്ച വിശ്വാസിയായ ദേവസ്വംബോർഡ് പദവിക്ക് പുറത്താകുമോ എന്നുള്ള ചോദ്യവും നിലവിൽ ഉയരുന്നുണ്ട്. ഇതുകൂടാതെ ശബരിമല വിഷയത്തിൽ പലപ്പോഴായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ച്  സർക്കാർ നിലപാടുകളിൽ വ്യത്യാസമുണ്ടെന്ന് ജനങ്ങൾക്ക് തോന്നുവാൻ കാരണക്കാരനായ ദേവസ്വം മന്ത്രിയുടെ വകുപ്പ് മാറ്റം ഉണ്ടാകുമോ എന്നും രാഷ്ട്രീയനിരീക്ഷകർ ഉറ്റുനോക്കുന്നുണ്ട്.

ബിന്ദുവും കനക ദുർഗ്ഗയും ശബരിമല ദർശനം നടത്തിയതിനു പിന്നാലെ ശബരിമലയിൽ സ്ത്രീകൾ നടത്തിയ ശബരിമല തന്ത്രിയുടെ നീക്കം ഏറെ വാർത്താപ്രാധാന്യം നേടിയിരുന്നു. മന്ത്രിക്കെതിരെ സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും രംഗത്തെത്തുകയുണ്ടായി. ദേവസ്വം മാനുവലും തന്ത്രിയുടെ പദവിയും ചൂണ്ടിക്കാട്ടി രാജീവരര് ശബരിമലയിൽ നിന്ന് ഒഴിവാക്കാൻ നീക്കം നടക്കുന്നതായും വാർത്തകൾ പ്രചരിച്ചിരുന്നു.

ശബരിമല കർമസമിതി,  ആചാര സംഘങ്ങളും, എൻഎസ്എസ് പോലുള്ള മേൽജാതി സംഘടനകളും തന്ത്രിക്കൊപ്പം നിലകൊള്ളുകയാണ്. തന്ത്രി കുടുംബത്തിൽ ആശയക്കുഴപ്പമുണ്ടാക്കി ഈ പ്രശ്നം വഷളാക്കാൻ ശ്രമമുണ്ടായതായും ആരോപണമുയർന്നിരുന്നു. ഈ പ്രശ്നങ്ങൾക്കിടയിൽ മലയിറങ്ങാൻ രാഷ്ട്രീയസമ്മർദം ഉണ്ടെങ്കിലും ഈ സാഹചര്യം തന്ത്രി കണ്ഠരര് രാജീവര് അതിജീവിക്കുമെന്നും നിരീക്ഷകർ കരുതുന്നു.

ശബരിമല വിധി വന്നതിനു പിന്നാലെ വിശ്വാസികൾക്കൊപ്പം  നിൽക്കുന്നുവെന്ന് തോന്നിപ്പിക്കുകയും ആചാരസംരക്ഷണ പേരിൽ നടന്ന സമരങ്ങളെ പിന്തുണക്കുകയും ചെയ്ത  തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് എ പത്മകുമാറും തൽസ്ഥാനത്തുനിന്നും മാറുമെന്ന് ചിലർ കരുതുന്നു. സംസ്ഥാന മുഖ്യമന്ത്രിയും സിപിഎമ്മും ദേവസ്വംബോർഡ് പ്രസിഡൻ്റിനെ പലവട്ടം തള്ളിപ്പറഞ്ഞിരുന്നു.  എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പത്മകുമാറിനെ വാക്കുകൾകൊണ്ട് അപമാനിച്ചതും വാർത്തയായിരുന്നു.

ശബരിമല മണ്ഡലകാലത്തിനു അവസാന സമയങ്ങളിൽ പത്മകുമാർ ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനം ഒഴിയുമെന്ന അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.  ശബരിമല വിഷയത്തിൽ സമ്മർദ്ദം ഏറിയാൽ പ്രസ്തുത പദവി രാജിവെച്ചു മറ്റു വഴികൾ തേടുമെന്ന് പത്മകുമാർ വേണ്ടപ്പെട്ടവരോട് പറഞ്ഞുവെന്നാണ് സൂചനകൾ.  എന്നാൽ പത്മകുമാറിൻ്റെ സ്ഥാനത്തിന് നിലവിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് നിരീക്ഷകർ കരുതുന്നു.

ഇതേ സാഹചര്യം തന്നെയാണ്  സംസ്ഥാന ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ്റെ കാര്യത്തിലും. സുപ്രീംകോടതി ഭരണഘടന ബജറ്റ് വിധി വന്നതിനു പിറകേ ദേവസ്വം മന്ത്രി പറഞ്ഞ പലകാര്യങ്ങളും സർക്കാർ നയമല്ലെന്ന ആരോപണം അന്നുയർന്നിരുന്നു. ദേവസ്വം മന്ത്രിയുടെ പല പ്രസ്താവനകൾക്കും വിശദീകരണവുമായി സംസ്ഥാനം മുഖ്യമന്ത്രിക്കും സിപിഎമ്മിനും രംഗത്ത് വരേണ്ട സാഹചര്യവുമുണ്ടായി . ഇക്കാര്യങ്ങൾ മുൻനിർത്തിക്കൊണ്ട് ശബരിമല നടയടച്ചു കഴിഞ്ഞാൽ ഉടൻതന്നെ കടകംപള്ളി സുരേന്ദ്രൻ വകുപ്പ് മാറുമെന്നുള്ള സൂചനകളാണ് ഇപ്പോൾ പുറത്തുവരുന്നത്. സിപിഎമ്മിനുള്ളിലും  ഇക്കാര്യത്തെപ്പറ്റി ചർച്ചകൾ നടക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.