പങ്കെടുക്കാൻ ആളില്ല; ബിജെപിയുടെ സെക്രട്ടറിയേറ്റ് ഉപരോധം ഉപേക്ഷിച്ചതിനു പിന്നാലെ നിരാഹാരസമരവും അവസാനിപ്പിക്കുന്നു

single-img
15 January 2019

ശബരിമലയില്‍ യുവതീപ്രവേശനം നടന്നതില്‍ പ്രതിഷേധിച്ച് ഈ മാസം 18ന് സെക്രട്ടേറിയറ്റ് ഉപരോധിക്കാൻ തീരുമാനിച്ചിരുന്ന ബിജെപി പരിപാടി ഉപേക്ഷിച്ചു.  ഉപരോധത്തിന് പകരം 20ന് എല്ലാജില്ലകളിലും അയ്യപ്പഭക്ത സംഗമം നടത്താനാണ് ശബരിമല കര്‍മ്മസമിതി അടക്കമുള്ള സംഘടനകളുടെ തീരുമാനം.

ശബരിമലയിൽ  പ്രവേശിച്ചത് സംബന്ധിച്ചുള്ള പ്രതിഷേധം മുഖ്യമന്ത്രിക്കെതിരായ ഉപരോധമായി മാറ്റുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഉപരോധം തീരുമാനിച്ചത്. നടത്തിയ പരിപാടികളില്‍ പങ്കാളിത്തം കുറഞ്ഞതിനെത്തുടര്‍ന്നാണ് പുനരാലോചന. എന്നാല്‍ അമൃതാനന്ദമയി അടക്കമുള്ള പ്രമുഖര്‍ പങ്കെടുക്കുന്നതുകൊണ്ടാണ് ഉപരോധം സംഗമമായി മാറ്റുന്നതെന്നു സംഘാടകർ പറയുന്നത്.

ശബരിമല വിഷയവുമായി ബന്ധപ്പെട്ട് പ്രക്ഷോഭ രംഗത്തുണ്ടായിരുന്ന സംഘപരിവാര്‍ സംഘടനകള്‍ ഭിന്നതയും പ്രവര്‍ത്തകരില്ലാത്തതും മൂലം പ്രഖ്യാപിച്ച പല പരിപാടികളും റദ്ദാക്കിയിരുന്നു. സംഗമത്തിന്റെ തലേന്ന് സെക്രട്ടേറിയേറ്റിന് സമീപത്ത് ബിജെപി നടത്തുന്ന നിരാഹാര സമരവും അവസാനിപ്പിച്ചേക്കുമെന്നാണ് സൂചനകൾ. ശബരിമല യുവതീപ്രവേശന റിവ്യൂ ഹര്‍ജികള്‍ പരിഗണിക്കുന്ന 22ന് സമരം അവസാനിപ്പിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അത്രയും ദിവസം സമരം നടത്തുന്നതില്‍ കാര്യമില്ലെന്നാണ്  നേതൃത്വത്തിൻ്റെ വിലയിരുത്തൽ.

ബിജെപിയുടെ നിരാഹാര സമരത്തിന് മുന്‍നിര നേതാക്കന്മാരില്‍ നിന്ന് പോലും മതിയായ പിന്തുണ കിട്ടാത്തതും  നേതൃത്വത്തെ കുഴയ്ക്കുന്നുണ്ട്. ജനറല്‍ സെക്രട്ടറിമാരായ എ എന്‍ രാധാകൃഷ്ണന്‍, ശോഭ സുരേന്ദ്രന്‍, ദേശീയ കൗണ്‍സില്‍ അംഗം സി. കെ പദ്മനാഭന്‍ എന്നിവര്‍ക്ക് പിന്നാലെ മുന്‍ നിര നേതാക്കന്മാരെ കിട്ടാത്ത സ്ഥിതിയായിരുന്നു.