ഹര്‍ത്താലുകൾ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്നു പറഞ്ഞ കണ്ണന്താനം ഒരു മാസം തികയുന്നതിനു മുമ്പ് വാക്കുമാറ്റി: ബിജെപി ഹർത്താൽ നടത്തിയത് ജനവികാരമറിഞ്ഞ്

single-img
15 January 2019

നിലപാട് മാറ്റങ്ങൾക്ക് പേരുകേട്ട ബിജെപി നേതാക്കളുടെ പട്ടികയിൽ  കേന്ദ്രമന്ത്രി അൽഫോൺസ് കണ്ണന്താനവും. ഹര്‍ത്താലുകളും ബന്ദുകളും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്ന പ്രസ്താവനയാണ് ഒരു മാസം തികയുന്നതിനു മുമ്പ് കണ്ണന്താനം മാറ്റിപ്പറഞ്ഞത്.

ശബരിമല യുവതീപ്രവേശം വിശ്വാസത്തിന്റെ പ്രശ്‌നമാണെന്നും  ഹർത്താൽ നടത്തിയത് ജനവികാരമറിഞ്ഞ് പാർട്ടി തീരുമാനിച്ചതാണെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞു.

ഹര്‍ത്താലുകളും ബന്ദുകളും ജനങ്ങളുടെ മൗലികാവകാശത്തെ ലംഘിക്കുകയാണെന്ന് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം കഴിഞ്ഞ ഡിസംബർ 16ന് പറഞ്ഞിരുന്നു. ബി.ജെ.പി ഹര്‍ത്താല്‍ നടത്തിയാലും അംഗീകരിക്കില്ല. ആര് നടത്തിയാലും ശരിയല്ലെന്നാണ് തന്റെ നിലപാടെന്നും  അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അടിസ്ഥാനകാര്യങ്ങളില്‍ ചിന്തവേണം. നമ്മുടെ കുട്ടികള്‍ക്ക് ജോലിയും വരുമാനവും വേണം. അതിനുള്ള അന്തരീക്ഷം ഉണ്ടാക്കണമെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് ബി.ജെ.പി തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ നടത്തുന്ന സാഹചര്യത്തിലാണ് കണ്ണന്താനത്തിന്റെ പ്രതികരണം.