ടെക്കികള്‍ക്ക് കൂട്ടമായി ഛര്‍ദ്ദിയും വയറിളക്കവും: ഹോട്ടലുകളില്‍ റെയിഡ് നടത്തിയപ്പോള്‍ കിട്ടിയത് ദിവസങ്ങള്‍ പഴക്കമുള്ള ആഹാര വസ്തുക്കള്‍

single-img
14 January 2019

തിരുവനന്തപുരം: ടെക്‌നോപാര്‍ക്കു മേഖലയിലെ ഹോട്ടലുകളിലും ബേക്കറികളിലും പരിശോധന നടത്തിയ കോര്‍പറേഷന്‍ ഹെല്‍ത്ത് സംഘം കണ്ടത് പഴകിയ ഭക്ഷണ ശേഖരവും തൊഴുത്തിനു സമാനമായ അടുക്കള പരിസരവും. ടെക്‌നോപാര്‍ക്കിനു സമീപത്തെ നാലു ഹോട്ടലുകളാണു മോശം സാഹചര്യത്തില്‍ കണ്ടെത്തിയത്.

വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഉച്ചഭക്ഷണം കഴിഞ്ഞ ശേഷം ജീവനക്കാര്‍ക്ക് കടുത്ത ഛര്‍ദ്ദിയും വയറിളക്കവും അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് വിവിധ കമ്പനികളില്‍ നിന്നുള്ള അമ്പതോളം ജീവനക്കാര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.

ഇതേത്തുടര്‍ന്നാണ് കഴക്കൂട്ടത്തെയും ടെക്‌നോപാര്‍ക്ക് പരിസരങ്ങളിലെയും ഹോട്ടലുകളില്‍ കോര്‍പറേഷന്‍ ഹെല്‍ത്ത് സംഘം പരിശോധന നടത്തിയത്. സമീപത്തെ ബേക്കറികളിലും വനിതാ ഹോസ്റ്റലുകളിലും പരിശോധന നടത്തി. ഹോട്ടലുകളില്‍ നിന്ന് ദിവസങ്ങള്‍ പഴക്കമുള്ള ആഹാരവസ്തുക്കളും പഴകിയ എണ്ണയും കണ്ടെത്തി.

കാലാവധി കഴിഞ്ഞ ബേക്കറി സാധനങ്ങള്‍, ഉപയോഗശൂന്യമായ മാവ്, പച്ചക്കറി, മാംസം എന്നിവയും പിടിച്ചെടുത്തു. ഹോട്ടലുകള്‍ക്ക് നോട്ടീസ് നല്‍കി. സ്ഥാപനങ്ങളില്‍ ഉപയോഗിക്കുന്ന വെള്ളം ലാബില്‍ പരിശോധിച്ച് പരിശോധനാഫലം നിശ്ചിത സമയപരിധിക്കുള്ളില്‍ നല്‍കാനും നിര്‍ദ്ദേശം നല്‍കി.

അതേസമയം പരിശോധന വിവരം തലേദിവസം പുറത്തുവിട്ടതു ആക്ഷേപങ്ങള്‍ക്കും ഇടയാക്കി. രാവിലെ 7 മണിക്കു തന്നെ പാര്‍ക്കിനു സമീപത്തെ ഹോട്ടലുകളില്‍ പരിശോധന നടക്കുമെന്ന വിവരം സോഷ്യല്‍ മീഡിയ വഴി പ്രചരിച്ചിരുന്നു. സാധാരണ മിന്നല്‍ പരിശോധനയാണ് ഹെല്‍ത്ത് വിഭാഗം നടത്താറുള്ളത്.

അതുപോലെ പരിശോധനയ്ക്കായി അവധി ദിവസം തെരഞ്ഞെടുത്തതും വിമര്‍ശനത്തിനിടയാക്കി. ഇന്നലെ ടെക്‌നോപാര്‍ക്കിലെ കാന്റീനുകള്‍ ഉള്‍പ്പടെ ഭൂരിഭാഗം ഹോട്ടല്‍ സ്ഥാപനങ്ങളും പ്രവര്‍ത്തിച്ചിരുന്നില്ല. ബൈപ്പാസ് ഭാഗത്തു അഞ്ചു ഹോട്ടലുകള്‍ മാത്രമാണ് തുറന്നത്.

ഇവിടെ മാത്രം പരിശോധന നടത്തുകയായിരുന്നു അധികൃതര്‍. ഗുരുതര വീഴ്ച്ച കണ്ടെത്തിയ സ്ഥാപനങ്ങള്‍ക്കു നോട്ടീസും നല്‍കിയില്ല. ഓഫിസ് അവധിയായതിനാല്‍ ഇന്നു നാലു ഹോട്ടലുകള്‍ക്കും മൂന്നു ഹോസ്റ്റലുകള്‍ക്കും നോട്ടീസ് നല്‍കുമെന്നാണു ഹെല്‍ത്ത് വിഭാഗത്തിന്റെ മറുപടി.