കഴിഞ്ഞ മൂന്നു വർഷത്തിനിടെ അട്ടപ്പാടിയിലെ ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമിയുടെ കണക്ക് രാജ്യസഭയിൽ ചോദിച്ച് സുരേഷ് ഗോപി എംപി: ഈ കാലയളവിൽ ഭൂമിയൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്ന് കേന്ദ്രമന്ത്രി

single-img
14 January 2019

അട്ടപ്പാടി വിഷയത്തിൽ സംസ്ഥാന സർക്കാരിൻ്റെ ഇടപെടലുകളെ സംബന്ധിച്ച് രാജ്യസഭയിൽ ചോദ്യമുന്നയിച്ചു സുരേഷ് ഗോപി എംപി. അട്ടപ്പാടിയിൽ ആദിവാസികൾക്ക് നഷ്ടപ്പെട്ട ഭൂമിയുടെ വിശദവിവരങ്ങളാണ് സുരേഷ് ഗോപി എംപി ചോദ്യത്തിലൂടെ ഉന്നയിച്ചത്.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അട്ടപ്പാടിയിലെ ആദിവാസികൾക്ക് ഭൂമി നഷ്ടപ്പെട്ടിട്ടുണ്ടോ എന്നും  നഷ്ടപ്പെട്ട ഭൂമിയുടെ വിശദവിവരങ്ങൾ എന്താണെന്നും ആണ് സുരേഷ്ഗോപി ചോദ്യമുന്നയിച്ചത്. സുരേഷ്ഗോപിയുടെ ചോദ്യത്തിന്  മിനിസ്ട്രി ഓഫ് ട്രൈബൽ അഫേഴ്സ് മന്ത്രി ഉത്തരം നൽകുകയും ചെയ്തു.

കഴിഞ്ഞ മൂന്നു വർഷത്തിനിടയിൽ അട്ടപ്പാടിയിലെ  ആദിവാസികളുടെ ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട് ഒരു പരാതികളും നിലവിൽ  ഇല്ലെന്ന് മന്ത്രി ഉത്തരമായി പറഞ്ഞു. മൂന്നു വർഷത്തിനിടയിൽ ആദിവാസികൾക്ക് ഇത്തരത്തിൽ ഭൂമി നഷ്ടപ്പെട്ടിട്ടില്ല.  സംസ്ഥാന സർക്കാർ കൊണ്ടുവന്ന കെ എസ് ടി ആക്റ്റ് മൂലം ആദിവാസികളുടെ ഭൂമി ക്രയവിക്രയം ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്.  അതുകൊണ്ടുതന്നെ ഈ കാലയളവിൽ ഇതുസംബന്ധിച്ച് പരാതികളൊന്നും ഉയർന്നിട്ടില്ലെന്നും മന്ത്രി ഉത്തരത്തിലൂടെ വ്യക്തമാക്കി.

എന്നാൽ 1960 മുതൽ  1985 അവസാനംവരെ ഇത്തരത്തിൽ 946 കേസുകൾ വന്നിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ വിഷയം ഇന്ന് പൂർണമായും സംസ്ഥാന സർക്കാരിനെ പരിധിയിലാണെന്നും കേന്ദ്ര മന്ത്രി രാജ്യസഭയിൽ വ്യക്തമാക്കി.

എംപിയായി നോമിനേറ്റ് ചെയ്യപ്പെട്ടു രണ്ടു വർഷങ്ങൾക്കുശേഷം സുരേഷ്ഗോപി  രാജ്യസഭയിൽ ആദ്യത്തെ ചോദ്യം ചോദിച്ചത് വാർത്താപ്രാധാന്യം നേടിയിരുന്നു. തിരുവനന്തപുരം റേഡിയോ നിലയം സംബന്ധിച്ചായിരുന്നു സുരേഷ് ഗോപിയുടെ ആദ്യചോദ്യം രാജ്യസഭയിൽ ഉണ്ടായത്.  റേഡിയോനിലയത്തിൽ റേഞ്ച് എത്ര എന്നായിരുന്നു അദ്ദേഹം രാജ്യസഭയിൽ ചോദ്യമുന്നയിച്ചത്. ബിജെപി എംപിയായി നോമിനേറ്റ് ചെയ്യപ്പെട്ട ശേഷം കേരളത്തിനുവേണ്ടി സുരേഷ്ഗോപി ചോദ്യങ്ങൾ ഒന്നും ചോദിക്കുന്നില്ല എന്നുള്ളതായിരുന്നു  ഏറ്റവും കൂടുതൽ ഉയർന്ന ആരോപണം.