പ്രവാസികള്‍ ജാഗ്രതൈ; സൗദിയില്‍ തൊഴില്‍ നിയമം ഭേദഗതി ചെയ്തു

single-img
14 January 2019

സൗദി അറേബ്യയിലെ തൊഴില്‍ നിയമം ഭേദഗതി ചെയ്തു. ഇതുപ്രകാരം വിദേശ തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുളള രേഖകള്‍ തടഞ്ഞുവെക്കുന്നത് നിയമ ലംഘനമാണെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു. പാസ്‌പോര്‍ട്ട്, താമസാനുമതി രേഖയായ ഇഖാമ, ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കാര്‍ഡ് എന്നിവ തടഞ്ഞുവെക്കാന്‍ തൊഴിലുടമക്ക് അധികാരമില്ല.

ഇത്തരം രേഖകള്‍ സൂക്ഷിക്കുന്നതിനുളള അവകാശം തൊഴിലാളികള്‍ക്കാണ്. പാസ്‌പോര്‍ട്ട് പിടിച്ചുവെക്കുന്ന നിരവധി സംഭവങ്ങള്‍ സൗദിയില്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതേത്തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് തൊഴില്‍ മന്ത്രാലയം സര്‍ക്കുലറിലൂടെ തൊഴിലുടമകള്‍ക്ക് മുന്നറിയിപ്പും നല്‍കിയിരുന്നു.

നിയമം ലംഘിക്കുന്നവര്‍ക്ക് പിഴ ചുമത്തുമെന്നും വ്യക്തമാക്കി. എന്നാല്‍ തൊഴിലാളികളുടെ അവകാശം സംരക്ഷിക്കുന്നതിനാണ് ഇപ്പോള്‍ നിയമ ഭേദഗതി വരുത്തിയിട്ടുളളത്. തൊഴിലാളികള്‍ മുന്‍കൂര്‍ അനുമതിയില്ലാതെ 15 ദിവസം തുടര്‍ച്ചയായോ, 30 ദിവസം ഇടവിട്ടോ ജോലിയില്‍ നിന്ന് വിട്ട് നിന്നാല്‍ സേവനാനന്തര ആനുകൂല്യം ഇല്ലാതെ പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അവകാശമുണ്ട്.

സഹപ്രവര്‍ത്തകരെ അക്രമിക്കുക, തൊഴിലുടമ, മേലുദ്യോഗസ്ഥന്‍ എന്നിവര്‍ക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ അപകീര്‍ത്തിപ്പെടുത്തുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവരെ ആനുകൂല്യം നല്‍കാതെ പിരിച്ചുവിടാനും ഭേദഗതി ചെയ്ത നിയമത്തില്‍ വ്യവസ്ഥയുണ്ട്.

വിദേശികളുടെ താമസ രേഖയായ ഇഖാമ പുതുക്കാന്‍ വൈകിയാല്‍ ആദ്യ തവണ 500 റിയാല്‍ പിഴ ഒടുക്കണം. രണ്ടാം തവണ ആയിരം റിയാലായി പിഴ വര്‍ദ്ധിക്കും. ഇഖാമ പുതുക്കാന്‍ മൂന്നാമതും വൈകിയാല്‍ തൊഴിലാളിയെ നാടുകടത്തുകയായിരിക്കും ചെയ്യുകയെന്ന് റിയാദ് പ്രവിശ്യ ജവാസാത് മേധാവി മേജര്‍ മുഹമ്മദ് നായിഫ് അല്‍ഹബ്ബാസ് അറിയിച്ചു.