മകരജ്യോതി ദിനമായ ഇന്ന് പതിനായിരം വീടുകളില്‍ വിളക്ക് തെളിയിക്കാൻ മലഅരയ സഭ; മലഅരയ പ്രതിഷേധം തങ്ങളുടേതാക്കി പ്രചരിപ്പിച്ച് സംഘപരിവാർ

single-img
14 January 2019

പൊന്നമ്പലമേട്ടില്‍ ജ്യോതി തെളിയിക്കാനുള്ള അവകാശം നിഷേധിച്ചതിനെതിരെ മകരവിളക്ക് ദിനമായ ഇന്ന് പതിനായിരം കുടുംബങ്ങള്‍ അവകാശ പുനസ്ഥാപന ദീപം തെളിയിക്കുമെന്ന് ഐക്യ മല അരയ മഹാസഭ. ശബരിമലയിലെ ഉടമസ്ഥാവകാശങ്ങള്‍ കവര്‍ന്നെടുത്തതിനെതിരെ പ്രതിഷേധ  സൂചകമായി ഐക്യ മല അരയ മഹാസഭയുടെ നേതൃത്വത്തിലാണ് പ്രസ്തുത പ്രതിഷേധം.

1949 വരെ പൊന്നമ്പലമേട്ടില്‍ മകര വിളക്ക് തെളിയിച്ചിരുന്നത് മല അരയ സമുദായമായിരുന്നു. പിന്നീട് ഇവരില്‍ നിന്നും വിളക്ക് ബലമായി കവര്‍ന്നെടുക്കുകയായിരുന്നു. അവകാശങ്ങള്‍ തിരികെ ലഭിക്കുന്നതിനായി 2563 ദിവസങ്ങളായി ഉടുമ്പാറമലയിലെ അമ്പലത്തില്‍ കെടാവിളക്കുമായി കാത്തിരിക്കുകയാണ് മല അരയ സമുദായം.  

ശബരിമലയിലെ അവകാശങ്ങള്‍ക്ക് വേണ്ടി ഏഴ് പതിറ്റാണ്ടായി നടത്തിവരുന്ന സമരം ലക്ഷ്യം കാണുന്നതുവരെ തുടരുമെന്ന് സംഘടനയുടെ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ സജീവ് വ്യക്തമാക്കിയിരുന്നു.

എന്നാൽ ബ്രാഹ്മണ മേധാവിത്വത്തിനും  അധികാര സ്ഥാപനങ്ങൾക്കും എതിരെയുള്ള മലഅരയ സമുദായത്തിൻ്റെ  ഈ നിശബ്ദ പ്രതിഷേധത്തെ തങ്ങളുടേതാക്കി മാറ്റുവാനുള്ള ശ്രമങ്ങളാണ് സംഘപരിവാർ നടത്തുന്നത്. പരുമലയിലെ ജ്യോതിക്കൊപ്പം നമ്മുടെ വീട്ടിലും ധർമ്മ ജ്യോതികൾ തെളിയിക്കണമെന്നാണ് സംഘപരിവാർ സംഘടനകൾ ഈ സമയത്ത് ആഹ്വാനം നൽകിയിട്ടുള്ളത്. ഉളുക്ക് ദിനമായ ഇന്ന് വിശ്വാസികൾ തങ്ങളുടെ വീടുകളിൽ സന്ധ്യക്ക് 18 ദീപം തെളിയിക്കണമെന്നും ഇത്തരം സംഘടനകൾ ആവശ്യപ്പെടുന്നു.

സംഘപരിവാർ നേതൃത്വത്തിലുള്ള സോഷ്യൽ മീഡിയ ഗ്രൂപ്പുകളിൽ കൂടി ഇത്തരം സന്ദേശങ്ങൾ ഇപ്പോൾ പ്രചരിക്കുന്നുണ്ട്.  എന്നാൽ ഇത്തരം ഒരു കാര്യത്തെപ്പറ്റി തങ്ങൾക്ക് അറിവില്ലെന്നും എന്നാൽ അത്തരത്തിലൊരു നീക്കം ഉണ്ടെങ്കിൽ അത് തങ്ങളെ സംബന്ധിച്ച് സന്തോഷമാണ് തരുന്നതെന്നും ഐക്യ മല അരയ മഹാസഭ സംസ്ഥാനസെക്രട്ടറി പി കെ സജീവ് ഇ-വാർത്തയോട് പറഞ്ഞു. `10000 ദീപങ്ങൾ തെളിയിക്കണമെന്ന ആഗ്രഹമാണ് ആഗ്രഹമാണ് ഞങ്ങൾക്ക് ഉണ്ടായിരുന്നത്.  ഞങ്ങളെ എതിർക്കുന്നവർ തന്നെ ഈ ഒരു ഉദ്ദേശത്തിൽ അല്ലെങ്കിൽ കൂടി ഇതിനൊപ്പം ചേരുമ്പോൾ ഞങ്ങൾ സന്തോഷിക്കുകയാണ്. ഇപ്പോഴത്തെ സ്ഥിതി അനുസരിച്ച് 10000 എന്നുള്ളത് 10 കോടി കടക്കുമെന്നാണ് സൂചനകൾ´- പികെ സജി പറഞ്ഞു.

പൊന്നമ്പലമേട്ടില്‍ അവസാനം ദീപം തെളിയിച്ചത് പുത്തന്‍വീട്ടില്‍ കുഞ്ഞന്‍ എന്നയാളാണ്. ഉടുമ്പാറ മലയിലെ കെടാവിളക്കില്‍ നിന്നും ഇദ്ദേഹത്തിന്റെ മരുമകള്‍ രാജമ്മ അയപ്പന്റെ (75) കുടുംബത്തിലേക്ക് എഎംഎഎംഎസ് നേതാവ് പി കെ സജീവ് ആദ്യ ദീപം പകരും.

തെക്കന്‍ കേരളത്തില്‍ നടക്കുന്ന ഗോത്രാചാരങ്ങള്‍ക്ക് മേല്‍ ബ്രാഹ്മണിക്കല്‍ ആചാരങ്ങള്‍ കടന്നുവരുന്നത് പ്രതിരോധിക്കേണ്ടതാണെന്നും ദ്രാവിഡ സംസ്‌കൃതി പുനസ്ഥാപിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പി കെ സജീവ് വ്യക്തമാക്കി.