നടന്‍ മോഹന്‍ലാല്‍ ബി.ജെ.പി ടിക്കറ്റില്‍ രാജ്യസഭയിലേക്ക് ?

single-img
14 January 2019

ബി.ജെ.പി. വീണ്ടും അധികാരത്തിലെത്തിയാല്‍ നടന്‍ മോഹന്‍ലാലിനെ രാജ്യസഭാംഗമാക്കിയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനായി സൂപ്പര്‍താരത്തെ സ്വന്തം പാളയത്തിലേക്ക് എത്തിക്കാനുള്ള നീക്കം ബി.ജെ.പി തുടങ്ങി കഴിഞ്ഞതായി വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മോഹന്‍ലാലിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് പാര്‍ട്ടിയിലെ ഒരു വിഭാഗം താല്‍പര്യം അറിയിച്ചെങ്കിലും സന്നദ്ധനല്ലെന്ന മറുപടിയാണ് ലാല്‍ നല്‍കിയത്. ഇതോടെയാണ് താരത്തെ രാജ്യസഭാംഗമാക്കാനുള്ള തീരുമാനത്തില്‍ ബിജെപിയെ എത്തിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നിലവില്‍ എം.പി.യായ നടന്‍ സുരേഷ്‌ഗോപി, മുന്‍ ഡി.ജി.പി. ടി.പി. സെന്‍കുമാര്‍ തുടങ്ങിയവര്‍ മത്സരിക്കാനിടയുള്ളവരുടെ പട്ടികയിലുണ്ട്. തിരുവനന്തപുരത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍പിള്ള, നമ്പി നാരായണന്‍, സുരേഷ്‌ഗോപി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ തുടങ്ങിയവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.

മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരനു വേണ്ടിയുള്ള വാദം ശക്തമാണെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെ ശക്തമായ ഇടപെടല്‍ ഇതിന് വേണ്ടിവരും. ബി.ഡി.ജെ.എസ്. അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി തെക്കന്‍ ജില്ലയില്‍ സ്ഥാനാര്‍ഥിയാകാനും സാധ്യതയുണ്ട്.

ദേശീയ ജനാധിപത്യസഖ്യത്തിലെ ഘടകകക്ഷികളുമായി സീറ്റുചര്‍ച്ച നടത്തിയെങ്കിലും ഓരോ മണ്ഡലത്തിലും പരിഗണിക്കുന്നവരുടെ പാനലിന് അന്തിമരൂപമായിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ചയെത്തുന്നതോടെ സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമാകും. ശബരിമല യുവതീപ്രവേശത്തില്‍ ബി.ജെ.പി.യും സംഘപരിവാര്‍ സംഘടനകളും നടത്തിയ ഇടപെടലുകള്‍ മുന്‍നിറുത്തിയാകും തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം.