സുപ്രിം കോടതി വിധിയെ എതിര്‍ത്ത വര്‍ഗീയ വാദികളുടെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്ന് ജനം തിരിച്ചറിഞ്ഞു: കടകംപള്ളി സുരേന്ദ്രൻ

single-img
14 January 2019

ശബരിമലയില്‍ വര്‍ഗീയ ഭ്രാന്തന്മാര്‍ ജനങ്ങളെ പറ്റിക്കുകയായിരുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. വര്‍ഗീയ വാദികള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ സുപ്രിം കോടതി വിധിയെ എതിര്‍ത്തു. അവരുടെ ലക്ഷ്യം തെരഞ്ഞെടുപ്പാണെന്ന് ജനം തിരിച്ചറിഞ്ഞുവെന്നും മന്ത്രി പറഞ്ഞു.

വെല്ലുവിളികള്‍ നിറഞ്ഞ മണ്ഡലകാലമാണ് കടന്നുപോകുന്നതെന്നും  ദേവസ്വം മന്ത്രി പറഞ്ഞു. ശബരിമലയില്‍ വരരുതെന്ന് രാജ്യം ഭരിക്കുന്ന പാര്‍ട്ടി തന്നെ ഭക്തര്‍ക്കിടയില്‍ പ്രചരണം നടത്തി. അവര്‍ ശബരിമലയെ രാഷ്ട്രീയ മുതലെടുപ്പിനുള്ള വേദിയാക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയില്‍ നട വരവ് കുറഞ്ഞാല്‍ അത് വരും വര്‍ഷങ്ങളില്‍ ഭക്തര്‍ തന്നെ നികത്തിക്കൊള്ളും. മുഖ്യമന്ത്രി സഹായം ഉറപ്പു പറഞ്ഞിട്ടുണ്ട്. ശബരിമലയില്‍ സ്ത്രീപ്രവേശനത്തിലെ പ്രായം ഇപ്പോള്‍ വിഷയമല്ലെന്നും മന്ത്രി പറഞ്ഞു.

ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങളെ ന്യായീകരിച്ച് പത്തനംതിട്ട ജില്ലാ കളക്ടര്‍ പി ബി നൂഹും രംഗത്തെത്തി. നിരോധനാജ്ഞ കൊണ്ട് തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കുറവുണ്ടായിട്ടില്ലെന്നു അദ്ദേഹം വ്യക്തമാക്കി.