കെ സുരേന്ദ്രന് മകരവിളക്ക് കാണാനാകുമോ ഇല്ലയോ എന്ന് ഇന്നറിയാം; ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടിയുള്ളഹർജി ഇന്ന് ഹൈക്കോടതിയിൽ

single-img
14 January 2019

മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ജാമ്യ വ്യവസ്ഥയില്‍ ഇളവ് തേടി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന വ്യവസ്ഥ ഇളവുചെയ്യണമെന്നാണ് ആവശ്യം.

എന്നാല്‍ ഹർജിക്കെതിരെ സർക്കാർ ശക്തമായ നിലപാടാണ് എടുത്തിരിക്കുന്നത്.  യാതൊരു കാരണവശാലും ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കരുതെന്നും സുരേന്ദ്രനെ പമ്പയിലും സന്നിധാനത്തും പ്രവേശിക്കാന്‍ അനുവദിക്കരുതെന്നുമാണ് സര്‍ക്കാരിന്റെ നിലപാട്. ഇക്കാര്യം കഴിഞ്ഞ ദിവസവും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ശബരിമലയിലെ സമാധാനം തകര്‍ക്കാനാണോ ശ്രമമെന്ന് ഹര്‍ജി പരിഗണിക്കുന്നതിനിടെ, കോടതി സുരേന്ദ്രനോട് ചോദിച്ചിരുന്നു. സന്നിധാനത്ത് സ്ത്രീയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ അറസ്റ്റിലായ കെ സുരേന്ദ്രന് കര്‍ശന ഉപാധികളോടെയായിരുന്നു ഹൈക്കോടതി ജാമ്യം അനുവദിച്ചത്.