കര്‍ണാടകയിലെ കോണ്‍ഗ്രസ് – ദള്‍ സര്‍ക്കാര്‍ വീഴുമോ ?; മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപി വലയത്തിലെന്ന് ഡി.കെ. ശിവകുമാര്‍

single-img
14 January 2019

കര്‍ണാടകയിലെ കോണ്‍ഗ്രസ് – ദള്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ബിജെപി ശ്രമിക്കുന്നുവെന്ന ആരോപണവുമായി മന്ത്രി ഡി.കെ. ശിവകുമാര്‍. ബിജെപി നടത്തുന്ന ‘ഓപ്പറേഷന്‍ ലോട്ടസ്’ ശ്രമങ്ങള്‍ തെളിവു സഹിതം പുറത്തുകൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.

പുനഃസംഘടനയില്‍ മന്ത്രിസ്ഥാനം നഷ്ടപ്പെട്ട രമേഷ് ജാര്‍ക്കിഹോളി, ബെള്ളാരിയിലെ എംഎല്‍എമാരായ ആനന്ദ് സിങ്, ബി. നാഗേന്ദ്ര എന്നിവര്‍ കോണ്‍ഗ്രസ് നേതൃത്വവുമായി അകലം പാലിക്കുന്നതിനിടെയാണ് ശിവകുമാറിന്റെ ആരോപണം. ഈ മൂന്നു കോണ്‍ഗ്രസ് എംഎല്‍എമാരെയും മുംബൈയിലെ ഹോട്ടലില്‍ ബിജെപി നേതാക്കളുടെ കൂടെ പാര്‍പ്പിച്ചിരിക്കുകയാണെന്നും ഡി.കെ. ശിവകുമാര്‍ പറഞ്ഞു.

മകര സംക്രാന്തിക്കുശേഷം വിപ്ലവം ഉണ്ടാകുമെന്നാണ് പറയപ്പെടുന്നത്. നമുക്ക് കാണാം. കൂറുമാറ്റനിരോധന നിയമം നിലവിലുള്ളതിനാല്‍ ഈ നീക്കം എളുപ്പമാകില്ല. എന്നാല്‍ നിങ്ങളെന്തിനാണ് ശ്രമിക്കുന്നതെന്ന് അറിയാമെന്നും ബിജെപിയെ ചൂണ്ടി ശിവകുമാര്‍ വ്യക്തമാക്കി. അതേസമയം, ആരോപണങ്ങള്‍ ബിജെപി നിഷേധിച്ചു.

ഇതിനിടെ, ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് സഖ്യത്തില്‍ ഭിന്നതയെന്നും റിപ്പോര്‍ട്ടുകള്‍. ആകെയുള്ള ഇരുപത്തിയെട്ട് സീറ്റുകളില്‍ പന്ത്രണ്ടു സീറ്റുകളാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്.

എന്നാല്‍ ഇത്രയും സീറ്റുകള്‍ വിട്ടുനല്‍കുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ കടുത്ത എതിര്‍പ്പാണുയരുന്നത്. അതേസമയം സീറ്റ് വിഭജനം സംബന്ധിച്ച് ചര്‍ച്ചകള്‍ ആരംഭിച്ചിട്ടുമാത്രമെയുള്ളുവെന്നും സഖ്യത്തില്‍ ഭിന്നതകളില്ലെന്നും പാര്‍ട്ടി നേതൃത്വങ്ങള്‍ വ്യക്തമാക്കി.

ലോക്‌സഭാതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ സിറ്റിംഗ് സീറ്റുകളായ കോലാറും, തുമക്കൂരുവും, ചിക്കബെല്ലാപുരയുമടക്കമുള്ള പന്ത്രണ്ട് സീറ്റുകളാണ് ജെ.ഡി.എസ് ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വെറും രണ്ട് സീറ്റുകള്‍ മാത്രം നേടാന്‍ കഴിഞ്ഞ ജെ.ഡി.എസിന് ഇത്രയും സീറ്റുകള്‍ വിട്ടുനല്‍കുന്നതിനെതിരെയാണ് കോണ്‍ഗ്രസില്‍ ഒരുവിഭാഗം ശബ്ദമുയര്‍ത്തുന്നത്.

സിറ്റിംഗ് സീറ്റുകളായ കോലാറും, തുക്കൂരുവും, ചിക്കബെല്ലാപുരയും വിട്ടുനല്‍കില്ലെന്ന് കോണ്‍ഗ്രസ് ജെ.ഡിഎസ് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. സഖ്യസര്‍ക്കാര്‍ രൂപീകരണസമയത്ത് തന്നെ ലോക്‌സഭാതിരഞ്ഞെടുപ്പില്‍ സഖ്യമായി മത്സരിക്കുന്നകാര്യം, ഇരുപാര്‍ട്ടികളും പ്രഖ്യാപിച്ചിരുന്നു.

മൈസൂര്‍ മേഖലയിലുള്ള സ്വാധീനമുയര്‍ത്തിക്കാട്ടിയാണ് ജെ.ഡി.എസ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ സീറ്റ് വിഭജനം സംബന്ധിച്ചകാര്യങ്ങളില്‍ തര്‍ക്കമില്ലെന്നും, ചര്‍ച്ചകള്‍ ആരംഭിച്ചിട്ടു മാത്രമേയുള്ളുവെന്നും കെപിസിസി പ്രസിഡന്റ് ദിനേഷ് ഗുണ്ടുറാവുവും ജെ.ഡി.എസ് ദേശീയ അധ്യക്ഷന്‍ എച്ച്. ഡി ദേവഗൗഡയും പ്രതികരിച്ചു.