ഉത്തര്‍പ്രദേശിലെ ബിജെപിയുടെ സിറ്റിങ് എംപിമാരില്‍ 57 പേരും എട്ടുനിലയില്‍ പൊട്ടുമെന്ന് അമിത് ഷാ നിയോഗിച്ച സംഘത്തിന്റെ റിപ്പോര്‍ട്ട്; പുതുമുഖങ്ങളെ പരീക്ഷിക്കാന്‍ നീക്കം

single-img
14 January 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ വിജയപ്രതീക്ഷകള്‍ എല്ലാം ഉത്തര്‍പ്രദേശിലെ പ്രകടനത്തെ ആശ്രയിച്ചാണ്. എന്നാല്‍ അടുത്തിടെ നടന്ന സര്‍വേയെല്ലാം ഉത്തര്‍പ്രദേശില്‍ ബിജെപിയുടെ വീഴ്ച്ച പ്രവചിക്കുന്നുണ്ട്. ഇതേത്തുടര്‍ന്ന് ജനവികാരമറിയാന്‍ യുഎസ് കേന്ദ്രമായ ഗവേഷക സംഘത്തെ അമിത് ഷാ ഉത്തര്‍ പ്രദേശിലേക്ക് അയച്ചിരുന്നു.

822 ബ്ലോക്കുകളിലായി ഒരു ലക്ഷത്തിനടുത്ത് വോട്ടര്‍മാരുമായി സംഘം കൂടിക്കാഴ്ച നടത്തി. നിലവിലെ 71 ബിജെപി എംപിമാരില്‍ 57 പേര്‍ പാസ് മാര്‍ക്ക് നേടിയില്ല. കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ ജനങ്ങളിലെത്തിക്കുന്നതില്‍ പരാജയപ്പെട്ടു. ഇവര്‍ ജനങ്ങളില്‍ നിന്ന് അകന്നെന്നും സംഘം റിപ്പോര്‍ട്ട് നല്‍കി.

ഇതോടെ പുതുമുഖങ്ങളെ രംഗത്തിറക്കാന്‍ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുകയാണ്. എസ്പി. ബിഎസ്പി സഖ്യമുയര്‍ത്തുന്ന വെല്ലുവിളി, യോഗി ആദിത്യ നാഥിനെതിരായ ഭരണ വിരുദ്ധ വികാരം, ഉപതെരഞ്ഞെടുപ്പ് തോല്‍വി തുടങ്ങിയവ മറികടക്കാനാണ് ബിജെപി പുതുമുഖ പരീക്ഷണത്തിന് ഒരുങ്ങുന്നത്.

നേരത്തെ രാജസ്ഥാനിലും സമാനമായ രീതിയില്‍ ഒരു സര്‍വ്വേ ബിജെപി കേന്ദ്രനേതൃത്വം നടത്തിയിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനും ആറ് മാസം മുന്‍പ് നടത്തിയ സര്‍വ്വേയില്‍ 200 സീറ്റില്‍ വെറും അന്‍പത് സീറ്റുകള്‍ മാത്രമാണ് ബിജെപിക്ക് പ്രവചിച്ചത്.

ഇതേത്തുടര്‍ന്ന് ദേശീയ നേതൃത്വം രാജസ്ഥാനില്‍ ശക്തമായി ഇടപെടുകയും സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്‍പ്പെടെ മാറ്റം കൊണ്ടു വരികയും ചെയ്തിരുന്നു. തിരഞ്ഞെടുപ്പ് തോല്‍വി വിലയിരുത്താന്‍ ചേര്‍ന്ന ദേശീയ നിര്‍വാഹകസമിതിയോഗത്തില്‍ വലിയ പരാജയത്തില്‍ നിന്നുമാണ് പാര്‍ട്ടി പൊരുതി കയറിയതെന്ന് അമിത്ഷാ പറഞ്ഞതായി പിന്നീട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.