അഗസ്ത്യാര്‍കൂടയാത്രയ്ക്ക് ഇന്ന് തുടക്കം; ട്രക്കിങ്ങിന് ഇത്തവണ സ്ത്രീകളും

single-img
14 January 2019

അഗസ്ത്യാര്‍കൂടയാത്രയ്ക്ക് ഇന്ന് തുടക്കമാകും. ഇത്തവണത്തെ അഗസ്ത്യാര്‍കൂടത്തില്‍ സ്ത്രീകള്‍ക്കും ട്രെക്കിങ് നടത്താമെന്ന ഹൈക്കോടതി വിധി യും നിലവിലുണ്ട്. വിധി നടപ്പിലാക്കാനൊരുങ്ങുകയാണ് വനംവകുപ്പ്.ഇന്ന് മുതല്‍ മാര്‍ച്ച് ഒന്ന് വരെയാണ് അഗസ്ത്യാര്‍കൂട യാത്ര നടത്താനാവുക.

സ്ത്രീകള്‍ക്ക് അനുമതി നല്‍കി വനംവകുപ്പ് വിജ്ഞാപനം ഇറക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 100ല്‍ പരം സ്ത്രീകള്‍ ഓണ്‍ലൈന്‍ വഴി അപേക്ഷിച്ച് പാസ് നേടിയിട്ടുമുണ്ട്. പ്രതിരോധവക്താവ് ധന്യ സനലാണ് ആദ്യദിനത്തില്‍ മല കയറുന്ന ഏക വനിത. വരും ദിവസങ്ങളിലും കൂടുതല്‍ സ്ത്രീകള്‍ അഗസ്ത്യമല കയറാന്‍ എത്തുന്നുണ്ട്.

ഗോത്രാചാരങ്ങള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആദിവാസികള്‍ ബോണക്കാട് ഇന്ന് പ്രതിഷേധ യജ്ഞം നടത്തും.സ്ത്രീകള്‍ മല കയറുന്നതില്‍ കാണി വിഭാഗത്തിന് എതിര്‍പ്പുണ്ടെങ്കിലും കോടതി ഉത്തരവുള്ളതിനാല്‍ തടയില്ല എന്ന നിലപാടിലാണ് വനംവകുപ്പ്.

സ്ത്രീകള്‍ക്കും 14 വയസിന് താഴെയുള്ള കുട്ടികള്‍ക്കും തിരുവനന്തപുരം നെയ്യാര്‍ വന്യജീവിസങ്കേതത്തിലെ അഗസ്ത്യാര്‍കൂടത്തേക്കുള്ള പ്രവേശനം നേരത്തെ വനംവകുപ്പ് വിലക്കിയിരുന്നു. ഈ  വിലക്കാണ് ഹൈക്കോടതി വിധിയിലൂടെ അവസാനിപ്പിച്ചത്.