അഭിമന്യുവിന്റെ ഓര്‍മകളില്‍ വിതുമ്പി മാതാപിതാക്കള്‍; ആശ്വസിപ്പിച്ച് മുഖ്യമന്ത്രി; വീടിന്റെ താക്കോല്‍ കൈമാറി

single-img
14 January 2019

എറണാകുളം മഹാരാജാസ് കോളേജില്‍ കുത്തേറ്റു മരിച്ച അഭിമന്യുവിന്റെ കുടുംബത്തിനു സിപിഎം നിര്‍മിച്ചു നല്‍കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കൈമാറി. കൊട്ടക്കമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് താക്കോല്‍ കൈമാറിയത്. ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നത്.

ദു:ഖം താങ്ങാനാകാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. വട്ടവട പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സജ്ജമാക്കിയിട്ടുള്ള അഭിമന്യു സ്മാരക വായനശാലയുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. പൊതുജനപങ്കാളിത്തത്തോടെ ഒരുലക്ഷത്തോളം പുസ്തകമാണ് വായനശാലയ്ക്കായി സമാഹരിച്ചിരിക്കുന്നത്. മതനിരപേക്ഷതയിലൂടെ വര്‍ഗീയതയെ ചെറുക്കണമെന്നു മുഖ്യമന്ത്രി ചടങ്ങില്‍ പറഞ്ഞു.

അഭിമന്യുവിന്റെ നിലവിലെ വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട്. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ വലിയ സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്. സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനാണ് വീടിനു തറക്കല്ലിട്ടത്.

സി.പി.എം. ജില്ലാ കമ്മിറ്റി മുന്നിട്ടിറങ്ങി 72 ലക്ഷം രൂപയാണ് അഭിമന്യുവിന്റെ കുടുംബത്തിനായി പൊതുജനപങ്കാളിത്തത്തോടെ പിരിച്ചെടുത്തത്. അരലക്ഷം രൂപ ബാങ്കിന്റെ പലിശയിനത്തിലും ലഭിച്ചു. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കില്‍ നിക്ഷേപിച്ചിട്ടുമുണ്ട്.

2018 ജൂലായ് രണ്ടിനു പുലര്‍ച്ചെയാണ് മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയായ അഭിമന്യു കോളേജ് വളപ്പില്‍ കൊല്ലപ്പെട്ടത്. വട്ടവടയിലെ ഒറ്റമുറി വീട്ടില്‍ അരപ്പട്ടിണിയോടു പൊരുതിപ്പഠിച്ച അഭിമന്യുവിന്റെ സ്വപ്നങ്ങള്‍ പാര്‍ട്ടി ഏറ്റെടുക്കുകയായിരുന്നു.