അഭിമന്യുവിൻ്റെ മാതാപിതാക്കൾക്ക് പുതിയ വീടിൻ്റെ താക്കോൽ ഇന്ന് മുഖ്യമന്ത്രി കൈമാറും

single-img
14 January 2019

പോപ്പുലർഫ്രണ്ട്-  സ്റ്റുഡൻസ് ഫ്രണ്ട് അക്രമികളുടെ  കുത്തേറ്റ് മരിച്ച മഹാരാജാസ് കോളേജ് വിദ്യാർത്ഥി അഭിമന്യുവിന്റെ വീട് പണി തീര്‍ത്ത് ഇന്ന് താക്കോല്‍ കൈമാറും. മുഖ്യമന്ത്രി പിണറായി വിജയനാണ് വട്ടവടയില്‍ രാവിലെ പത്തിന് നടക്കുന്ന ചടങ്ങില്‍ താക്കോല്‍ അഭിമന്യുവിന്റെ മാതാപിതാക്കള്‍ക്ക് കൈമാറുന്നത്.

വട്ടവട കൊട്ടക്കമ്പൂരിലെ അഭിമന്യുവിന്റെ ഇപ്പോഴുള്ള വീടിന് അരക്കിലോമീറ്റര്‍ അകലെയാണ് പുതിയ വീട് നിര്‍മ്മിച്ചിരിക്കുന്നത്. വീടിന്റെ താക്കോല്‍ ദാന ചടങ്ങ് വിപുലമായാണ് സംഘടിപ്പിച്ചിരിക്കുന്നത്. മന്ത്രി എംഎം മണി ഉള്‍പ്പെടെയുള്ളവര്‍ ചടങ്ങില്‍ പങ്കെടുക്കും. പത്തര സെന്റ് ഭൂമിയില്‍ 1,226 ചതുരശ്രയടി വിസ്തീര്‍ണത്തില്‍ ആധുനിക സൗകര്യങ്ങളോടെയാണ് വീട് നിര്‍മിച്ചിരിക്കുന്നത്.

ചടങ്ങിന് ശേഷം വട്ടവട പഞ്ചായത്ത് സ്ഥാപിച്ച അഭിമന്യു മഹാരാജാസ് ലൈബ്രറി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. വട്ടവട പഞ്ചായത്ത് കെട്ടിടത്തിന്റെ  മൂന്നാം നിലയിലാണ് വായനശാല സജ്ജീകരിച്ചിരിക്കുന്നത്. നാല്‍പതിനായിരത്തോളം പുസ്തകങ്ങളാണ് ലൈബ്രറിയിൽ എത്തിയിട്ടുള്ളത്.