സാമ്പത്തിക സംവരണ ബിൽ: മുസ്ലിം ലീഗ് നിലപാടിനെ പ്രകീർത്തിച്ച് വെള്ളാപ്പള്ളി നടേശൻ

single-img
13 January 2019

സാമ്പത്തിക സംവരണ വിഷയത്തിൽ മുസ്‌ലിം ലീഗ് കൈക്കൊണ്ട നിലപാടിനെ പ്രകീർത്തിച്ചു എസ് എൻ ഡി പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ രംഗത്ത്. നരേന്ദ്ര മോദി ബുദ്ധിപരമായ നീക്കം നടത്തിയപ്പോൾ മുസ്ലീം ലീഗല്ലാതെ ഒരു പാർട്ടിയുടെയും നാവ് പൊങ്ങിയില്ല എന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. കേന്ദ്രസർക്കാരിന്റെ തീരുമാനം ഏകപക്ഷീയമാണ്. ഭരണഘടനയ്‌ക്ക് പുറത്തുള്ള ഒരു സംവരണവും അനുവദിക്കില്ല. മുന്നാക്ക വിഭാഗക്കാരിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കുമെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ കൂട്ടിച്ചേർത്തു.

സാമുദായിക സംവരണമാണ് പരമ്പരാഗതമായി എസ്.എൻ.ഡി.പി യോഗം വിശ്വസിക്കുന്നതും അംഗീകരിക്കുന്നതും. അബേദ്കർ എഴുതിവച്ച ഭരണഘടനയുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ടുള്ള ഭേദഗതിയല്ലാതെ മറ്റൊരു ഭേദഗതിയും നടപ്പിലാക്കാൻ പാർലമെന്റിന് അധികാരമില്ല. മാത്രമല്ല സാമ്പത്തിക സംവരണം നടപ്പിലാക്കുന്നതിനോട് എസ്.എൻ.ഡി.പി യോഗത്തിന് ഒരു യോജിപ്പുമില്ല എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം,​ സാമ്പത്തിക സംവരണം നടപ്പാക്കിയതിന് കേന്ദ്രസർക്കാരിന് നന്ദി അറിയിച്ച് എൻ.എസ്.എസ്. കത്തയച്ചു. സമുദായത്തിന്റെ ദീർഘകാലത്തെ ആവശ്യം അംഗീകരിച്ചതിന് നന്ദി അറിയിക്കുന്നുവെന്ന് മോദിക്ക് അയച്ച കത്തിൽ പറയുന്നു. സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങൾക്കും സാമൂഹിക നീതി നടപ്പാക്കാൻ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസർക്കാർ തെളിയിച്ചിരിക്കുന്നതെന്നും എൻ.എസ്.എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായരുടെ കത്തിൽ പറയുന്നു.