വാരണാസിയില്‍ പ്രധാനമന്ത്രിക്കെതിരെ മത്സരിക്കാൻ തയ്യാറായി സ്വാമി അഗ്നിവേശ്; അഖിലേഷ് യാദവും മായാവതിയും പിന്തുണ നൽകും

single-img
13 January 2019

വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ മത്സരിക്കുമെന്ന  പ്രഖ്യാപനവുമായി സ്വാമി അഗ്‌നിവേശ്. പ്രധാനമന്ത്രി വാരണാസിയില്‍ മത്സരിക്കുകയാണെങ്കില്‍ പൊതുസ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ടാകുമെന്നും  അഖിലേഷ് യാദവും മായാവതിയും പിന്തുണയറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മത്സരത്തില്‍ മോദിയെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ജനങ്ങള്‍ അദ്ദേഹത്തെ അത്രയും വെറുത്തു കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയില്‍ കുറേ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും ഇന്ത്യയില്‍ ആദിവാസികളുടെയും തൊഴിലാളികളുടെയും ജീവിതം മെച്ചപ്പെടേണ്ടതുണ്ടെന്നും  അദ്ദേഹം വ്യക്തമാക്കി. ഒരു ദിവസം 65 രൂപമാത്രം വരുമാനമുള്ള അടിമകളെ പോലെ ജോലി ചെയ്യുന്ന കരാര്‍ തൊഴിലാളികള്‍ ഇവിടെയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇവരുടെയൊക്കെ നീതിക്കു വേണ്ടി പൊരുതുകയാണ് തന്‍റെ ലക്ഷ്യമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവെലില്‍ ‘അയാം നോട്ട് എ ഹിന്ദു’ എന്ന സെഷനില്‍പ്രസംഗിക്കുന്നതിനിടെയാണ് സ്വാമി അഗ്‌നിവേശ് പ്രധാനമന്ത്രിക്കെതിരെ മത്സരിക്കുമെന്ന് വ്യക്തമാക്കിയത്.