‘നീതി ബോധവും ഇച്ഛാശക്തിയുമാണ് തെളിഞ്ഞിരിക്കുന്നത്; എല്ലാ പ്രാര്‍ഥനകളുമുണ്ട്’; മോദിക്ക് കത്തയച്ച് സുകുമാരന്‍ നായര്‍; കത്തില്‍ കണ്ണുവച്ച് ബിജെപി

single-img
13 January 2019

സാമ്പത്തികസംവരണം നടപ്പാക്കിയതിന് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ കത്ത്. മോദിയുടെ നേതൃത്വത്തിന് എല്ലാ പ്രാര്‍ഥനകളുമുണ്ടെന്ന് കത്തില്‍ പറയുന്നു. സാമ്പത്തിക സംവരണം നടപ്പാക്കിയതിലൂടെ എല്ലാ വിഭാഗങ്ങള്‍ക്കും സാമൂഹിക നീതി നടപ്പാക്കാന്‍ വേണ്ടിയുള്ള നീതി ബോധവും ഇച്ഛാശക്തിയുമാണ് നരേന്ദ്രമോദി നയിക്കുന്ന കേന്ദ്രസര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നതെന്നും സുകുമാരന്‍ നായരുടെ കത്തില്‍ പറയുന്നു.

‘നിലവിലുള്ള സംവരണ വ്യവസ്ഥകള്‍ക്ക് യാതൊരു മാറ്റവും വരുത്താതെ തന്നെ പതിറ്റാണ്ടുകളായി അവഗണിക്കപ്പെട്ട മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസം, തൊഴില്‍ എന്നീ മേഖലകളില്‍ 10 ശതമാനം സംവരണം ഏര്‍പ്പെടുത്തികൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം ചരിത്രപരവും അഭിനന്ദനാര്‍ഹവുമാണ്’ സുകുമാരന്‍ നായര്‍ കത്തില്‍ വ്യക്തമാക്കുന്നു.

യു.പി.എ സര്‍ക്കാരിന്റെ കാലത്ത് സാമ്പത്തിക സംവരണത്തെക്കുറിച്ച് പഠിക്കാന്‍ സമിതി രൂപീകരിച്ചെങ്കിലും റിപ്പോര്‍ട്ട് ലഭിച്ചശേഷം തുടര്‍നടപടിയുണ്ടായില്ലെന്നും കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. എന്തായാലും ലോക്‌സഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ കേന്ദ്രസര്‍ക്കാരിനെ അഭിനന്ദിച്ചുള്ള കൊണ്ടുള്ള എന്‍.എസ്.എസ് നിലപാട് കേരള രാഷ്ട്രീയം അതീവ ശ്രദ്ധയോടെയാണ് കാണുന്നത്.

കേരളത്തില്‍ സാമുദായി സമവാക്യങ്ങള്‍ അനുകൂലമാക്കാന്‍ കരുക്കള്‍ നീക്കുന്ന ബിജെപി ദേശീയ നേതൃത്വം എന്‍എസ്എസ് ജനറല്‍ സെക്രട്ടറിയുടെ കത്ത് ഏറെ പ്രധാന്യത്തോടെയാണ് കാണുന്നത്. മോദിയുമായി സുകുമാരന്‍ നായര്‍ കൂടിക്കാഴ്ച്ച നടത്താനോ, മന്നം സമാധിയില്‍ മോദി എത്താനോ ഉള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ബിജെപി ദേശീയ നേതാക്കള്‍ നല്‍കുന്ന സൂചന.