എസ്.പി-ബി.എസ്.പി സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ല; ഉത്തര്‍പ്രദേശിലെ 80 സീറ്റും പിടിക്കാന്‍ കോണ്‍ഗ്രസ്; രാഹുല്‍ ഗാന്ധി 13 റാലികള്‍ നടത്തും

single-img
13 January 2019

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ഒറ്റയ്ക്ക് മല്‍സരിക്കുമെന്ന് കോണ്‍ഗ്രസ്. 80 സീറ്റുകളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും. എസ്.പി ബി.എസ്.പി സഖ്യത്തെ തകര്‍ക്കാന്‍ ശ്രമിക്കില്ലെന്നും പാര്‍ട്ടി നേതാവ് ഗുലാംനബി ആസാദ് വ്യക്തമാക്കി.

കോണ്‍ഗ്രസിനെ ഒഴിവാക്കി എസ്.പിയും ബി.എസ്.പിയും ഒരുമിച്ച് മത്സരിക്കുമെന്ന് അഖിലേഷ് യാദവും മായാവതിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഉത്തര്‍പ്രദേശില്‍ ഒറ്റക്ക് മത്സരിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്. 80 സീറ്റുകളിലും മത്സരിക്കാനാണ് ഇപ്പോള്‍ തീരുമാനിച്ചിട്ടുള്ളതെങ്കിലും സമാനമനസ്‌കരായ പാര്‍ട്ടികള്‍ മുന്നോട്ട് വന്നാല്‍ അവര്‍ക്കും സീറ്റ് നല്‍കും.

തിരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ വിലയിരുത്താനായി ലക്‌നൗവില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. മൃദുഹിന്ദുത്വത്തിലൂന്നിയും കര്‍ഷകപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടിയും തിരഞ്ഞെടുപ്പിനെ നേരിടാനാണ് പാര്‍ട്ടി തീരുമാനിച്ചിട്ടുള്ളത്. യുഎഇ സന്ദര്‍ശിക്കുന്ന പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തിരിച്ചെത്തിയാല്‍ ഉടന്‍ യുപി കേന്ദ്രീകരിച്ച് റാലികള്‍ സംഘടിപ്പിക്കുമെന്നു ഗുലാംനബി ആസാദ് പറഞ്ഞു.

എസ്.പി, ബി.എസ്.പി സഖ്യത്തെ പിണക്കേണ്ടെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. സഖ്യത്തിന്റെ ഭാഗമായ ആര്‍.എല്‍.ഡിക്ക് രണ്ട് സീറ്റുകള്‍ മാത്രം നല്‍കാനുള്ള തീരുമാനത്തില്‍ പാര്‍ട്ടി അധ്യക്ഷന്‍ അജിത് സിങ് അതൃപ്തനാണ്. കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള ബി.ജെ.പി വിരുദ്ധ പാര്‍ട്ടികളുമായി അജിത് സിങ് ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന.

ബിഎസ്പിയും എസ്പിയുമായി കോണ്‍ഗ്രസ് സഖ്യത്തിനു ശ്രമിക്കുന്നതിനിടെയാണ് വെള്ളിയാഴ്ച ഇരു പാര്‍ട്ടികളും രാഹുലിനെയും കൂട്ടരെയും തഴഞ്ഞ് കൈകോര്‍ത്തത്. കോണ്‍ഗ്രസിനെയും ബിജെപിയെയും കണക്കിന് വിമര്‍ശിച്ച മായാവതിയും അഖിലേഷ് യാദവും ഇരുപാര്‍ട്ടികളും 38 വീതം സീറ്റുകളില്‍ മത്സരിക്കുമെന്നും വ്യക്തമാക്കിയിരുന്നു.