‘വളരെ നിസാരവും വ്യക്തിപരവുമായ ഒരു കാര്യത്തില്‍ പോലും രാഹുല്‍ കാണിച്ച ശ്രദ്ധ എന്നെ അമ്പരപ്പിച്ചു’: രാഹുല്‍ ഗാന്ധിയെക്കുറിച്ച് സിന്ധു ജോയി എഴുതിയ കുറിപ്പ് വൈറല്‍

single-img
13 January 2019

പൊതുതിരഞ്ഞെടുപ്പ് അടുത്തെത്തി നില്‍ക്കെ രാഹുല്‍ ഗാന്ധിയുടെ നീക്കങ്ങള്‍ ഏറെ ശ്രദ്ധയോടെയാണ് രാജ്യം വീക്ഷിക്കുന്നത്. ഇതിനിടെ രാഹുലിന്റെ പുതിയ ചുവടുകളെ പുകഴ്ത്തി സിന്ധു ജോയി രംഗത്തെത്തി. സജീവരാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന കാലത്ത് രാഹുല്‍ ഗാന്ധിയുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിവരങ്ങളാണ് സിന്ധു പങ്കുവച്ചിരിക്കുന്നത്. ഫെയ്‌സ്ബുക്കില്‍ എഴുതിയ കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

‘ഞാന്‍ ഉറപ്പുതരുന്നു, എന്റെ മരണം വരെ, എന്റെ വാതിലുകള്‍, എന്റെ കാതുകള്‍, എന്റെ ഹൃദയം, ഇന്ത്യയ്ക്കായി തുറന്നിരിക്കും’. ഇന്നലെ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ രാഹുല്‍ ഗാന്ധി നടത്തിയ വികാരനിര്‍ഭരമായ പ്രസംഗം അല്‍പം പഴക്കമുള്ള ഒരു കൂടിക്കാഴ്ചയെ ഓര്‍മിപ്പിച്ചു. കോണ്‍ഗ്രസ്സ് വേദികളില്‍ ഞാന്‍ അപ്രത്യക്ഷമായിതുടങ്ങിയ സമയം. ഡല്‍ഹിയില്‍ നിന്നുള്ള ഒരു സന്ദേശമെത്തി; പാര്‍ട്ടി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കാണാന്‍ ആഗ്രഹിക്കുന്നു.

ഒരു ഡല്‍ഹി യാത്രക്ക് പാകമായിരുന്നില്ല മനസ്സ്; സജീവരാഷ്ട്രീയത്തില്‍ നിന്നും തെല്ലകലെയായിരുന്നു അപ്പോള്‍ ഞാന്‍. സംസ്ഥാന യൂത്ത് കമ്മീഷന്‍ അധ്യക്ഷസ്ഥാനം പോലും വ്യക്തിപരമായ കാരണങ്ങളാല്‍ വേണ്ടെന്നുവച്ച സമയവുമായിരുന്നു. പക്ഷേ, സുഹൃത്തായ ഹൈബി ഈഡന്‍ എംഎല്‍എ പറഞ്ഞ വാക്കുകള്‍ എന്നെ ചിന്തിപ്പിച്ചു. ‘രാഹുല്‍ജി ഇന്ത്യയുടെ ഭാവി പ്രധാനമന്ത്രിയാണ്; എത്രയോ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഒന്നുകാണാന്‍ ആഗ്രഹിക്കുന്ന വ്യക്തി; പോയി കാണണം’.

അങ്ങനെ ഞാന്‍ ഡല്‍ഹിയില്‍ എത്തി. കുടുംബസുഹൃത്തു കൂടിയായ ദീപികയുടെ ഡല്‍ഹി ബ്യൂറോ ചീഫ് George Kallivayalil എന്നെ പന്ത്രണ്ടാം നമ്പര്‍ തുഗ്ലക് ലേനില്‍എത്തിച്ചു. രാഹുല്‍ ഗാന്ധിയുടെ ഓഫിസ്. അദ്ദേഹം എഴുന്നേറ്റുനിന്ന് എന്നെ സ്വീകരിച്ചു. അതെന്നെ അത്ഭുതപ്പെടുത്തി. ഒരുപാടുകാലം ഇന്ത്യയെ നയിച്ച നെഹ്‌റു, ഇന്ദിര, രാജീവ് എന്നിവരുടെ കുടുംബത്തില്‍ വളര്‍ന്ന നേതാവ്. അധികാരത്തിന്റെ യാതൊരു ധാര്‍ഷ്ട്യവുമില്ലാതെ ഇങ്ങനെ പെരുമാറുന്നു! ഇതിനു മുന്‍പ് അങ്ങനെയൊരാള്‍ എന്നെ സ്വീകരിച്ചത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അന്നത്തെ മുഖ്യമന്ത്രി ശ്രീ എ കെ ആന്റണിയാണ്. ഒരു നിവേദനം നല്‍കാന്‍ സെക്രട്ടറിയേറ്റിലെ അദ്ദേഹത്തിന്റെ ഓഫീസില്‍ എത്തിയപ്പോള്‍ എഴുന്നേറ്റുനിന്നാണ് പ്രതിപക്ഷ വിദ്യാര്‍ത്ഥി സംഘടനയുടെ നേതാവിനെ അദ്ദേഹം സ്വീകരിച്ചത്.

രാഹുല്‍ ഗാന്ധി ഒരുപാട് കാര്യങ്ങള്‍ തിരക്കി. എനിക്ക് ഒരുകാര്യം മനസിലായി; എന്നെക്കുറിച്ചുള്ള മിക്കവാറും കാര്യങ്ങള്‍ അദ്ദേഹം അറിഞ്ഞുവച്ചിരുന്നു. പല ആശയങ്ങളും കൈമാറി. അപ്പോഴാണ് ഇന്ത്യയെക്കുറിച്ച്, രാജ്യത്തിന്റെ പ്രശ്‌നങ്ങളേക്കുറിച്ച് എത്രത്തോളം ആഴമുള്ള അറിവ് അദ്ദേഹത്തിനുണ്ടെന്ന് മനസിലായത്. കൂടിക്കാഴ്ചയുടെ മൂന്നാംനാള്‍ രാഹുല്‍ ഗാന്ധിയുടെ ഓഫിസില്‍ നിന്ന് ഒരു സന്ദേശമെത്തി. അദ്ദേഹത്തിന്റെ മണ്ഡലമായ അമേത്തിയില്‍ വനിതകളുമായി ബന്ധപ്പെട്ട ഒരു രാഷ്ട്രീയദൗത്യം ഏറ്റെടുക്കാമോ എന്ന് ചോദിക്കാനായിരുന്നു അത്. ചില വ്യക്തിപരമായ കാരണങ്ങളാല്‍ അന്നത് ഏറ്റെടുക്കാനായില്ല. മടങ്ങാന്‍ നേരം അദ്ദേഹം വാതില്‍ക്കലോളം വന്ന് യാത്രയാക്കി. സാധാരണ ഏത് ഓഫീസില്‍ എത്തിയാലും ചെരുപ്പ് പുറത്ത് അഴിച്ചിട്ട് കയറുകയാണ് എന്റെ ശീലം. അന്നും രാഹുലിന്റെ ഓഫീസിനുപുറത്ത് ചെരിപ്പ് അഴിച്ചിട്ടിരുന്നു.

‘വൈ ഡിഡ് യു ലീവ് യുവര്‍ ഫുട്‌വെയര്‍ ഔട്ട് സൈഡ്?’; രാഹുല്‍ജി ചോദിച്ചു. ‘ദിസ് ഈസ് ഔര്‍ കസ്റ്റം’ ഞാന്‍ മറുപടി പറഞ്ഞു. ‘പ്‌ളീസ് ഡോണ്ട് ഡു ഇറ്റ് എഗൈന്‍. എനിവണ്‍ ക്യാന്‍ വെയര്‍ ഫുട്‌വെയര്‍ ഇന്‍സൈഡ് മൈ ഓഫിസ്’. അദ്ദേഹം പറഞ്ഞു.

ഞാന്‍ അപ്പോള്‍ ഓര്‍മ്മിച്ചത് ഗ്രനേഡ് ആക്രമണത്തിന്റെ അവശേഷിപ്പുകള്‍ പേറുന്ന ഇടതുകാലുമായി തെരഞ്ഞെടുപ്പുകാലത്തും മറ്റും പല ഓഫിസുകളിലും കയറിട്ടുണ്ട്; കാല്‍ നിലത്തുകുത്താന്‍ പ്രയാസപ്പെടുന്ന വേളയില്‍പ്പോലും ചെരിപ്പുകള്‍ പുറത്തിടാന്‍ ഞാന്‍ നിര്‍ബന്ധിതയായി. ആരുമത് ശ്രദ്ധിച്ചതേയില്ല.

ഇത് വെറുമൊരു ചെരുപ്പിന്റെ മാത്രം പ്രശ്‌നമല്ല; ഒരു വ്യക്തി, അതുമൊരു സ്ത്രീ എങ്ങനെ പരിഗണിക്കപ്പെടുന്നു എന്നുള്ളതുകൂടിയാണ്. വളരെ നിസാരവും വ്യക്തിപരവുമായ ഒരു കാര്യത്തില്‍ പോലും രാഹുല്‍ ഗാന്ധി കാണിച്ച ശ്രദ്ധ എന്നെ അമ്പരപ്പിച്ചത് അതുകൊണ്ടാണ്. നമ്മുടെയൊക്കെ ചെറിയ ജീവിതങ്ങളില്‍ ഇത്തരത്തിലുള്ള വലിയവരുടെ ഇടപെടലുകള്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. രാഹുല്‍ ഗാന്ധിയുടെ ഹൃദയവും കാതുകളും വാതിലുകളും ഇന്ത്യക്കായി തുറന്നിരിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞതില്‍ അതിശയോക്തിയില്ല. ഹൃദയത്തില്‍ നിന്ന് പുറപ്പെടുന്ന വാക്കുകളാണ് അത്.

ഇന്നലത്തെ ദുബായ് പ്രസംഗം ഇരുത്തം വന്ന ഒരു നേതാവിന്റെ വാക്കുകളാണ്. പ്രോംപ്റ്ററോ, നോട്ടുകളോ ഉപയോഗിക്കാതെ ഉള്ളിന്റെയുള്ളില്‍ നിന്ന് ജനക്കൂട്ടത്തോട് സംസാരിക്കുന്ന നെഹ്രുവിന്റെ ശൈലിയാണ് അത് കണ്ടപ്പോള്‍ തോന്നിയത്.

രാഹുല്‍ ഗാന്ധിയുമായി രണ്ടുമണിക്കൂര്‍ സംസാരിച്ചുകഴിഞ്ഞു സിപിഎമ്മിന്റെ യുവനേതാവും എം പിയുമായ എം ബി രാജേഷ് പറഞ്ഞവാക്കുകള്‍ ഇപ്പോള്‍ ഞാന്‍ ഓര്‍ക്കുന്നു: ‘രാഹുലുമായി സംസാരിച്ചപ്പോള്‍ അദ്ദേഹത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകള്‍ മാറിപ്പോയി. രാഹുലിന്റെ ആത്മാര്‍ത്ഥത, ആര്‍ജ്ജവം, എളിമ എന്നിവ വല്ലാതെ ആകര്‍ഷിച്ചു.’ ഇന്ത്യയെ നയിക്കാന്‍ രാഹുലിന് കഴിയും. ബഹുസ്വരതയെ പ്രോത്സാഹിപ്പിക്കുന്ന ഒരു ജനാധിപത്യരാഷ്ട്രം നിലനില്‍ക്കണമെങ്കില്‍ ഇത്തരമൊരു നേതാവാണ് നമ്മെ നയിക്കേണ്ടത്.

N:Bഇത്രയും എഴുതിയതുകൊണ്ട് നാളെ ഞാന്‍ കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിയെത്തും എന്നൊന്നും ആരും വ്യാഖ്യാനിക്കേണ്ടതില്ല. എന്നാല്‍, എനിക്ക് വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ടെന്നത് നേരാണ്. അരാഷ്ട്രീയതയില്‍ അഭിരമിക്കാന്‍ ഞാനില്ല. പക്ഷേ, ഉടനെയൊരു മടങ്ങിവരവിന് ഇല്ലെന്ന് മാത്രം.

ഇടതിലും വലതിലും ബിജെപിയിലും മറ്റ് പാര്‍ട്ടികളിലും സുഹൃത്തുക്കളുണ്ട്. എന്നാല്‍ സൗഹൃദം വേറെ, രാഷ്ട്രീയം വേറെ.അത്തരത്തിലൊരു പക്വതയിലേക്ക് എത്താന്‍ കഴിഞ്ഞുവെന്നതാണ് പോയകാലങ്ങള്‍ നല്‍കിയ ഏറ്റവും വലിയ അനുഭവപാഠം.