പോലീസ് നടപടി ശക്തമായതോടെ നേതാക്കൾ വിളിച്ചാൽ പ്രവർത്തകർ വരാതെയായി; ശബരിമല സമരം അവസാനിപ്പിച്ച് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സംഘപരിവാർ തീരുമാനം

single-img
13 January 2019

ശബരിമല യുവതീ പ്രവേശനത്തിൽ പ്രതിഷേധിച്ച് നടത്തിയ ഹർത്താലിലും സംഘർഷത്തിലും നിരവധി പ്രവർത്തകർക്കെതിരെ കേസെടുക്കുകയും അറസ്റ്റ് വ്യാപകമാക്കുകയും ചെയ്തതോടെ അണികൾക്ക് നേതാക്കളിലുള്ള വിശ്വാസം നഷ്ട്ടപ്പെട്ടതായി വിലയിരുത്തൽ. ഇതിനെ തുടർന്ന് ശബരിമല പ്രക്ഷോഭത്തിൽ നിന്ന് സംഘപരിവാർ സംഘടനകൾ പിന്മാറുവാൻ തീരുമാനിച്ചതായി ആണ് വിവരം.

ഇതിന്റെ ഭാഗമായി ഈ മാസം 18ന് ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്താൻ നിശ്ചയിച്ചിരുന്ന അഞ്ചുലക്ഷം പേരുടെ സെക്രട്ടേറിയറ്റ് വളയൽ സമരം ഉപേക്ഷിക്കാനും ആർ.എസ്.എസ് നേതൃത്വം തീരുമാനിച്ചു. 10 ജില്ലകളിൽ നടത്താനിരുന്ന അയ്യപ്പ രഥയാത്രയും മാറ്റിവയ്ക്കും. കൂടാതെ വരുന്ന ദിവസങ്ങളിൽ തന്നെ സെക്രട്ടേറിയറ്റിന് മുന്നിൽ നടക്കുന്ന നിരാഹാര സമരവും അവസാനിപ്പിക്കുമെന്നാണ് വിവരം.

ഹർത്താൽ അക്രമവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് പ്രവർത്തകർ കേസിൽ അകപ്പെട്ട സാഹചര്യത്തിൽ സെക്രട്ടേറിയറ്റ് വളയൽ വലിയ സംഘർഷത്തിലേക്ക് പോകാൻ സാദ്ധ്യത കൂടെ കണക്കിലെടുത്താണ് സമരം മാറ്റിവെച്ചത് എന്നാണു വിവരം. കൂടുതൽ പ്രവർത്തകർ ഇനിയും കേസുകളില്‍ കുടുങ്ങുന്നത് തിരഞ്ഞെടുപ്പ് പ്രചാരണത്തെ ദോഷകരമായി ബാധിക്കുമെന്ന് ആർ.എസ്.എസ് കണക്ക്കൂട്ടുന്നു.

15 ന് കൊല്ലം ബൈപാസ് ഉദ്ഘാടനത്തിനെത്തുന്ന പ്രധാനമന്ത്രി മൂന്ന് മണ്ഡലങ്ങളിലുള്ള എൻ.ഡി.എ പ്രവർത്തകരുടെ സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നതോടെയാണ് കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറയ്ക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ഇതുവഴി നഷ്ടപ്പെട്ടുപോയ വിശ്വാസം വീണ്ടും തിരിച്ചെടുക്കാം എന്നാണു വിലയിരുത്തൽ.