പാര്‍ട്ടികളും മുന്നണികളും മാറി മാറി വന്ന ആളായതുകൊണ്ടാണ് മുരളീധരന് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ തോന്നിയത്; സ്വന്തം സ്ഥാനം അവിടെ ഉറപ്പാണോ എന്ന് നോക്കണം: തിരിച്ചടിച്ച് എ.പത്മകുമാര്‍

single-img
13 January 2019

തന്റെ രാജി വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് ആവര്‍ത്തിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍. പിടിച്ച കൊടി പുതച്ച് കിടക്കണമെന്ന് ആഗ്രഹിക്കുന്നവരാണ് ഞങ്ങള്‍. കോണ്‍ഗ്രസിലേക്ക് തന്നെ ക്ഷണിച്ച കെ.മുരളീധരന്‍ അടക്കമുളളവര്‍ അവരുടെ സ്ഥാനം സുരക്ഷിതമാണോ എന്ന് പരിശോധിക്കണമെന്നും പത്മകുമാര്‍ പറഞ്ഞു.

തന്റെ പൊതുജീവിതത്തെക്കുറിച്ച് മുരളീധരനുള്ള കരുതലില്‍ സന്തോഷമുണ്ട്. എന്നാല്‍ രാമന്‍ നായരെ പോലും കോണ്‍ഗ്രസില്‍ പിടിച്ചു നിര്‍ത്താനാകാത്ത ആളുകളാണ് തന്നെ ക്ഷണിക്കുന്നതെന്ന് എ പദ്മകുമാര്‍ പരിഹസിച്ചു. പതിനഞ്ചാം വയസിലാണ് താന്‍ പൊതുപ്രവര്‍ത്തനം തുടങ്ങിയത്.

ഇന്നുവരെ പാര്‍ട്ടിയോ മുന്നണിയോ മാറേണ്ടിവന്നിട്ടില്ല. പാര്‍ട്ടികളും മുന്നണികളും മാറി മാറി വന്ന ആളായതുകൊണ്ടാണ് മുരളീധരന് തന്നെ കോണ്‍ഗ്രസിലേക്ക് ക്ഷണിക്കാന്‍ തോന്നിയത്. അവനവന്റെ സ്ഥാനത്തെപ്പറ്റി വലിയ സ്വപ്നമുള്ളവര്‍ക്കാണ് ഇങ്ങനെ തോന്നുക. കണ്ണടക്കുന്ന കാലത്ത് ഇതുവരെ പിടിച്ച കൊടി പുതച്ചു കിടക്കണമെന്നാണ് തന്റെ സ്വപ്നം. അത് മുരളീധരന് മനസ്സിലാകില്ലെന്നും എ പദ്മകുമാര്‍ പറഞ്ഞു.

ശബരിമലമല വിഷയത്തില്‍ എ പദ്മകുമാര്‍ പിണറായി വിജയനെ ഭയന്നാണ് കഴിയുന്നതെന്നും അദ്ദേഹത്തിന് ഉടന്‍ സിപിഎം വിടേണ്ടിവരുമെന്നുമാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനെ കോണ്‍ഗ്രസിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് കെ മുരളീധരന്‍ കഴിഞ്ഞ ദിവസം പറഞ്ഞത്.

അതേസമയം, അയ്യപ്പഭക്തര്‍ക്ക് സുഗമമായി മകരവിളക്ക് ദര്‍ശനം നടത്തി മടങ്ങുന്നതിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കിയതായും എ. പദ്മകുമാര്‍ പറഞ്ഞു. ബാരിക്കേഡുകള്‍ ക്രമീകരിച്ചാണ് മകരവിളക്ക് ദര്‍ശനം നടത്തുന്ന ഇടങ്ങളില്‍ സുരക്ഷയൊരുക്കുന്നത്.

സന്നിധാനത്തും പരിസരത്തുമായി വിവിധ സൈനിക വിഭാഗങ്ങള്‍, ആരോഗ്യവകുപ്പ്, ദ്രുതകര്‍മസേന തുടങ്ങിയവരും സജ്ജരായിരിക്കും. ഹരിവരാസന പുരസ്‌കാര വിതരണം നാളെ നടക്കും. കുടിവെള്ളം, ഔഷധം, അപ്പം അരവണ പ്രസാദം എന്നിവയും ഭക്തര്‍ക്കായി ക്രമീകരിച്ചിട്ടുണ്ട്.

യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കര്‍ശന സുരക്ഷയാണ് മകരവിളക്കിനായി ഒരുക്കിയിരിക്കുന്നത്. സന്നിധാനത്തും പൂങ്കാവനത്തിലുമായി അയ്യായിരത്തോളം പോലീസുകാരാണ് സുരക്ഷയൊരുക്കുക. കൂടാതെ ദ്രുതകര്‍മസേന, ആര്‍ എ എഫ്കമാന്‍ഡോസ് സജ്ജമാണ്. തിരുവാഭരണ ഘോഷയാത്ര ശരം കുത്തിയില്‍ അഞ്ച് മണിയോടെ എത്തും. തുടര്‍ന്ന് പതിനെട്ടാം പടിക്ക് മുകളില്‍ ദേവസ്വം വകുപ്പ് മന്ത്രിയുള്‍പ്പെടെുള്ളവര്‍ തിരുവാഭരണം സ്വീകരിക്കും.