മോദിയെ പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടി: ഗുരുതര ആരോപണവുമായി നിര്‍മലാ സീതാരാമന്‍

single-img
13 January 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയെ അധികാരത്തില്‍ നിന്ന് പുറത്താക്കാന്‍ കോണ്‍ഗ്രസ് പാകിസ്താന്റെ സഹായം തേടിയെന്ന ആരോപണവുമായി പ്രതിരോധമന്ത്രി നിര്‍മ്മലാ സീതാരാമന്‍. കോണ്‍ഗ്രസ് നേതാക്കള്‍ നാണംകെട്ട രാഷ്ട്രീയം കളിക്കുകയാണ്. തങ്ങളുടെ തെറ്റായ നയങ്ങള്‍ മൂലം ലോകത്തിന് മുന്നില്‍ ഒറ്റപ്പെട്ട് കിടക്കുന്ന രാജ്യമാണ് പാകിസ്താന്‍.

അവിടെ ചെന്നാണ് ചില കോണ്‍ഗ്രസ് നേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യാന്‍ സഹായം തേടിയത്. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നടന്ന ബി.ജെ.പി നാഷണല്‍ കണ്‍വെന്‍ഷനില്‍ രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ദേശീയ മാധ്യമമായ ഹിന്ദുസ്ഥാന്‍ ടൈംസാണ് നിര്‍മ്മല കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ഈ ആരോപണത്തെ കുറിച്ച് റിപ്പോര്‍ട്ട് ചെയ്തത്. മോദി എല്ലാ രാജ്യങ്ങളിലെ നേതാക്കളുമായും നല്ല ബന്ധം സൂക്ഷിക്കുന്നുണ്ട്. ഇങ്ങനെ പോയാല്‍ തങ്ങളുടെ ഭീകര പ്രവര്‍ത്തനങ്ങളൊന്നും ഇന്ത്യയില്‍ നടക്കില്ലെന്ന് പാകിസ്താന് നന്നായി അറിയാം. പാകിസ്താന്റെ എല്ലാ ഭീകര പ്രവര്‍ത്തനങ്ങളും ഇപ്പോള്‍ അതിര്‍ത്തിയില്‍ വച്ച് തടയുകയാണ്.

മോദിയുടെ നേതൃത്വത്തില്‍ സൈന്യം അതിര്‍ത്തി കടന്ന് മിന്നലാക്രമണം നടത്തി. എന്നാല്‍ ഇതിനെ പ്രശംസിക്കേണ്ട പ്രതിപക്ഷം തെളിവ് ചോദിക്കുകയാണ് ചെയ്തത്. ഈ പ്രതിപക്ഷം തന്നെയാണ് മോദിയെ പുറത്താക്കാന്‍ പാകിസ്താന്റെ സഹായം തേടിയത്.

മോദിയുടെ ഭരണത്തിന്‍ കീഴില്‍ മാത്രമേ ഇന്ത്യയ്ക്ക് നല്ല രീതിയില്‍ വളരുവാന്‍ കഴിയൂ. കേന്ദ്രസര്‍ക്കാരിന്റെ അഞ്ച് വര്‍ഷത്തെ ഭരണത്തിന് കീഴില്‍ ഒരു അഴിമതി ആരോപണം പോലും ഉണ്ടായിട്ടില്ല. മാത്രവുമല്ല ഒരു വലിയ ഭീകരാക്രണവും ഇന്ത്യയില്‍ നടന്നിട്ടുമില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടിയാകണം തിരഞ്ഞെടുപ്പിനെ നേരിടേണ്ടതെന്നും മന്ത്രി പറഞ്ഞു.