‘മോദി വിവാഹിതനാണ്; താനൊരിക്കലും മോദിയെ വ്യക്തിപരമായി അപമാനിച്ചു സംസാരിച്ചിട്ടില്ല; കുറിക്കുകൊള്ളുന്ന മറുപടി നല്‍കി രാഹുല്‍

single-img
13 January 2019

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിവാഹിതനാണെന്നും തന്റെ റോള്‍മോഡലല്ലെന്നും രാഹുല്‍ ഗാന്ധി. മോദിയെ മാതൃകയാക്കിയാണോ അവിവാഹിത ജീവിതം നയിക്കുന്നതെന്ന വ്യവസായികളുടെ സംഗമത്തില്‍ ഉയര്‍ന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.

‘മോദി വിവാഹിതനാണ്. ഞാന്‍ വിധിയില്‍ വിശ്വസിക്കുന്നു. വിവാഹം നടക്കേണ്ട സമയത്തു നടക്കും. ഇപ്പോള്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ തിരക്കിലാണ്.’ വ്യാജ വാര്‍ത്തകളും സമൂഹമാധ്യമ പ്രചാരണങ്ങളും തമാശയായേ കാണാറൂള്ളു. മോദിയും കൂട്ടരും ഇങ്ങനെ ചെയ്യുന്നതു കൊണ്ടു പലതും പഠിച്ചെന്നും അതുകൊണ്ട് അദ്ദേഹത്തെ ഗുരുവായി കാണുന്നതായും രാഹുല്‍ പറഞ്ഞു.

താനൊരിക്കലും മോദിയെ വ്യക്തിപരമായി അപമാനിച്ചു സംസാരിച്ചിട്ടില്ലെന്നു പറഞ്ഞ രാഹുല്‍ പക്ഷേ മറുപക്ഷത്തു നിന്ന് അങ്ങനെയല്ലെന്നും ചൂണ്ടിക്കാട്ടി. അടുത്ത പ്രധാനമന്ത്രി താങ്കളായിരിക്കുമോ എന്ന ചോദ്യത്തിന് അത് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്ന് രാഹുല്‍ പറഞ്ഞു. ജനങ്ങള്‍ക്കാണ് അതിനുള്ള അവകാശം. ആരെ വേണമെന്നും എന്തു വേണമെന്നും അവര്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.