ശബരിമല ഹർത്താൽ: നേതാക്കൾ കേസിൽപ്പെടാതെ രക്ഷപ്പെട്ടപ്പോൾ കുടുങ്ങിയത് പാവം പ്രവർത്തകർ

single-img
13 January 2019

ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചതിന് പിന്നാലെ ശബരിമല കർമ സമിതി ആഹ്വാനം ചെയ്‌ത ഹർത്താലിനിടെയുണ്ടായ അക്രമ സംഭവങ്ങളിൽ പൊലീസ് അറസ്റ്റ് ചെയ്തത് മുഴുവൻ സാധാരണ പ്രവർത്തകരെയെന്ന് ആരോപണം. സംഘർഷത്തിനിടെ അറസ്‌റ്റിലായ പ്രവർത്തകരുടെ കേസ് നടപടികളുമായി സഹകരിക്കാൻ ചിലയിടങ്ങളിൽ നേതാക്കൾ സഹകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, ചിലയിടങ്ങളിൽ ബി.ജെ.പിയുടെ മുതിർന്ന പ്രവർത്തകരെ വരെ കേസിൽ കുടുക്കിയതായും ആക്ഷേപം ഉയരുന്നുണ്ട്.

സംസ്ഥാനത്തുണ്ടായത് ആസൂത്രിത കലാപനീക്കമാണെന്ന് സംസ്ഥാന സർക്കാർ ആരോപിക്കുമ്പോഴാണ് പ്രാദേശിക നേതാക്കളെപ്പോലും ഗൂഢാലോചനക്കേസിൽ ഉൾപ്പെടുത്താത്തത്.
കേരളത്തിലാകെ നടന്ന സംഭവങ്ങളിൽ 38,000 പ്രതികളുണ്ടെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ഇതുവരെ പിടിയിലായത് ആകെ 14,500 പേരാണ്. ഇതിനിടയിൽ നെടുമങ്ങാട് പൊലീസ് സ്‌റ്റേഷന് നേരെ ബോംബാക്രമണവും ഉണ്ടായി. ഇതിലെ പ്രതിയായ ആർ.എസ്.എസ് നെടുമങ്ങാട് ജില്ലാ പ്രചാരക് ആലപ്പുഴ നൂറനാട് സ്വദേശി പ്രവീണിനെ ഇതുവരെ പിടിക്കാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

യുവതീ പ്രവേശനത്തിന് പിന്നാലെയുണ്ടായ ഹർത്താൽ പലയിടങ്ങളിലും സി.പി.എമ്മും ആർ.എസ്.എസും തമ്മിലുള്ള തെരുവ് യുദ്ധത്തിലേക്ക് വഴിവച്ചിരുന്നു. കേരളത്തിലുണ്ടായ സംഘർഷങ്ങൾ ആസൂത്രിതമാണെന്നാണ് സംസ്ഥാന സർക്കാരിന്റെ നിലപാട്. ഗവർണർക്ക് നൽകിയ വിശദീകരണത്തിൽ സർക്കാർ ഇത് ആവർത്തിക്കുകയും ചെയ്‌തിട്ടുണ്ട്. എന്നാൽ നേതാക്കളുടെ പങ്കിന് തെളിവില്ലെന്നാണ് പൊലീസിന്റെ നിലപാട്. ഇത് മനപൂര്‍വം നേതാക്കളെ സംരക്ഷിക്കാനുള്ള ശ്രമം എന്നാണു അണികള്‍ക്കിടയിലുള്ള പരാതി.