ശുഭ്മാന്‍ ഗില്ലും വിജയ് ശങ്കറും ഇന്ത്യന്‍ ടീമില്‍
‘കോഫി വിത് കരണ്‍’ ചാറ്റ് ഷോയിലെ സ്ത്രീ വിരുദ്ധ പരാമര്‍ശത്തിന്റെ പേരില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഹാര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനും പകരം ശുഭ്മാന്‍ ഗില്ലിനേയും വിജയ് ശങ്കറിനേയും ഏകദിന ക്രിക്കറ്റ് പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തി.
വിജയ് ശങ്കര്‍ ഓസ്ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേരും. അതേസമയം ശുഭ്മാന്‍ ഗില്‍ ന്യൂസിലന്‍ഡ് പര്യടനത്തിലേ ടീമിന്റെ ഭാഗമാകുകയുള്ളു. ട്വന്റി 20 ടീമിലും ഗില്ലിന് ഇടം ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ സീനിയര്‍ ടീമില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരമാണ് യുവതാരം ശുഭമന് ഗില്ലിന് ലഭിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം അണ്ടര്‍19 ലോകകപ്പില്‍ ഇന്ത്യ കിരീടം നേടിയപ്പോള്‍ ശുഭ്മാന്‍ ഗില്ലായിരുന്നു ടൂര്‍ണമെന്റിലെ താരം. പിന്നീട് ഇന്ത്യ എ ടീമിന് വേണ്ടിയും ആഭ്യന്തര ക്രിക്കറ്റില്‍ പഞ്ചാബിന് വേണ്ടിയും താരം മികച്ച പ്രകടനം പുറത്തെടുത്തു. അഞ്ചു തവണ ഇന്ത്യക്ക് വേണ്ടി ടി20 കളിച്ച താരമാണ് വിജയ് ശങ്കര്‍.
ശ്രീലങ്കയ്ക്കെതിരായ നിദാഹാസ് ട്രോഫിയിലായിരുന്നു ഇത്. ഈ അടുത്ത് അവസാനിച്ച ഇന്ത്യന്‍ എ ടീമിന്റെ ന്യൂസീലന്‍ഡ് പര്യടനത്തില്‍ വിജയ് ശങ്കര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഓസ്ട്രേലിയക്കെതിരായ പരമ്പരയിലെ ആദ്യ മത്സരം തോറ്റ ഇന്ത്യക്ക് ഇനിയുള്ള രണ്ട് ഏകദിനങ്ങളും നിര്‍ണായകമാണ്. ന്യൂസീലന്‍ഡ് പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്റി20 യുമാണുള്ളത്.