പ്രവാസികളുടെ ശ്രദ്ധയ്ക്ക്; ദുബായ് വിമാനത്താവളത്തില്‍ നിന്നുള്ള വിമാന സര്‍വീസുകളില്‍ മാറ്റം

single-img
13 January 2019

ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഒരു റണ്‍വേ അടച്ചിടുന്നതായി റിപ്പോര്‍ട്ട്. അറ്റകുറ്റപ്പണികള്‍ക്കായാണ് പടിഞ്ഞാറുഭാഗത്തെ റണ്‍വേ അടച്ചിടുന്നത്. ഇതേത്തുടര്‍ന്ന് ഏപ്രില്‍ 16 മുതല്‍ മേയ് 30 വരെ ഏതാനും വിമാന സര്‍വീസുകളില്‍ മാറ്റം ഉണ്ടാവുമെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് അറിയിച്ചു.

ടെര്‍മിനല്‍ മൂന്നിലെ ഒരു റണ്‍വേമാത്രമേ ഉപയോഗിക്കാനാവൂ എന്നതിനാല്‍ ചില സര്‍വീസുകള്‍ നിര്‍ത്താനോ ചിലത് സമയം മാറ്റാനോ നിര്‍ബന്ധിതരായിരിക്കുകയാണെന്ന് എമിറേറ്റ്‌സ് എയര്‍ലൈന്‍സ് പ്രസിഡന്റ് ടിം ക്ലര്‍ക്ക് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

45 ദിവസത്തോളം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൊത്തം സര്‍വീസുകളില്‍ 25 ശതമാനം കുറവുണ്ടാകുമെന്നാണ് എമിറേറ്റ്‌സിന്റെ മുന്നറിയിപ്പ്. എമിറേറ്റ്‌സിന്റെ 48 വിമാനങ്ങളുടെ സര്‍വീസാണ് നിര്‍ത്തിവെക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ജൂണ്‍മുതല്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് സര്‍വീസുകള്‍ ആരംഭിക്കാനുള്ള നടപടി സ്വീകരിച്ചതായും ടിം ക്ലര്‍ക്ക് വ്യക്തമാക്കി. ബോസ്റ്റണ്‍, ഗ്ലാസ്‌ഗോ തുടങ്ങിയ യൂറോപ്പിലെ നഗരങ്ങളിലേക്കായിരിക്കും കൂടുതല്‍ സര്‍വീസുകള്‍.