ദൃശ്യം സിനിമയില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തി; ബി.ജെ.പി നേതാവ് അറസ്റ്റില്‍

single-img
13 January 2019

ഇരുപത്തിരണ്ടുകാരിയെ കൊലപ്പെടുത്തിയ കേസില്‍ ബിജെപി നേതാവും മൂന്നു മക്കളും ഉള്‍പ്പെടെ അഞ്ചു പേര്‍ അറസ്റ്റില്‍. 2016 ഒക്ടോബര്‍ 16നു മധ്യപ്രദേശിലെ ഇന്‍ഡോര്‍ സ്വദേശിയായ ട്വിങ്കിള്‍ ഡാഗരെയെ കൊലപ്പെടുത്തിയ കേസിലാണ് അറസ്റ്റ്. ബിജെപി നേതാവ് ജഗദീഷ് ക്രോട്ടിയ(65), മക്കളായ അജയ്(36), വിജയ്(38), വിനയ്(36), സഹായി നീലേഷ് കശ്യപ്(28) എന്നിവരാണു പിടിയിലായത്.

ജഗ്ദീഷ് ക്രോട്ടിയയുമായി ട്വിങ്കിളിന് ബന്ധമുണ്ടായിരുന്നു. ക്രോട്ടിയക്കൊപ്പം താമസിക്കണമെന്ന് ട്വിങ്കിള്‍ ആവശ്യം ഉന്നയിച്ചതോടെയാണ് അഞ്ചംഗ സംഘം കൊലപാതകം ആസൂത്രണം ചെയ്തത്. 2016 ഒക്ടോബര്‍ 16ന് ട്വിങ്കിളിനെ അഞ്ചംഗ സംഘം കൊന്ന് കത്തിക്കുകയായിരുന്നു.

ട്വിങ്കളിനെ കാണാതായെന്ന പരാതിയില്‍ പൊലീസ് അന്വേഷണം നടത്തുന്നതിനിടെ അഞ്ച് പേരും ചേര്‍ന്ന് നായയെ കൊന്ന് കത്തിച്ചു. തുടര്‍ന്ന് ഇത് ഒരു മനുഷ്യന്റെ ശവശരീരമാണെന്ന് പ്രചരിപ്പിച്ചു. പൊലീസിന്റെ അന്വേഷണം വഴിതെറ്റിക്കാനായിരുന്നു ഇത്. എന്നാല്‍, പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തില്‍ അത് നായയുടെ ജഡമാണെന്ന് കണ്ടെത്തുകയായിരുന്നു.

പിന്നീട് ട്വിങ്കിളിന്റെ ശവശരീരം കത്തിച്ച സ്ഥലത്ത് നിന്നും ബ്രേസ്ലെറ്റും സ്വര്‍ണ്ണാഭരണങ്ങളും പൊലീസ് കണ്ടെത്തി.
പെണ്‍കുട്ടിയുടെ മാതാപിതാക്കളാണ് കൊലപാതകത്തിന് പിന്നിലെന്ന് വരുത്തി തീര്‍ക്കാനും ശ്രമമുണ്ടായി. ട്വിങ്കിളിന്റെ മൊബൈലില്‍ നിന്ന് മാതാപിതാക്കളെ കുറ്റപ്പെടുത്തി ജഗ്ദീഷ് ക്രോട്ടിയക്ക് എസ്.എം.എസ് അയച്ചു.

ട്വിങ്കിളിനോട് മാതാപിതാക്കള്‍ക്കെതിരെ പരാതി കൊടുക്കാനും ക്രോട്ടിയ നിര്‍ദേശിച്ചു. എന്നാല്‍, ബ്രെയിന്‍ ഫിംഗര്‍പ്രിന്റ് ഉള്‍പ്പെടെയുള്ള ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് സംശയത്തിന്റെ നിഴലിലുണ്ടായിരുന്ന ക്രോട്ടിയയെയും രണ്ട് മക്കളെയും ചോദ്യം ചെയ്തതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്.

കൊലപാതകത്തിന് മുന്‍പ് ഇവര്‍ ‘ദൃശ്യം’ സിനിമ ഒട്ടേറെ തവണ കണ്ടതായി ഡിഐജി പറഞ്ഞു. ഇതിന്റെ സ്വാധീനത്തിലാണു നായയെ കുഴിച്ചിട്ടത്. അതേസമയം, അറസ്റ്റിലായ ജഗദീഷ് ക്രോട്ടിയ ഒരു മുന്‍ ബിജെപി എംഎല്‍എയുടെ അടുത്ത ആളാണെന്നും പൊലീസില്‍ സ്വാധീനം ഉപയോഗിച്ച് കേസില്‍ നിന്നു രക്ഷപെടുമെന്നും ട്വിങ്കിളിന്റെ കുടുംബം ആരോപിച്ചു.