ഹർത്താലിൻ്റെ മറവിൽ അക്രമം നടത്തി മുങ്ങി നടന്ന ബിജെപി നേതാവ് വിമാനത്താവളത്തിൽ പിടിയിൽ; ചതിച്ചത് ഫേസ്ബുക്കിലിട്ട സെൽഫി

single-img
13 January 2019

ശബരിമലയില്‍ യുവതീ പ്രവേശനത്തില്‍ പ്രതിഷേധിച്ച്‌ നടത്തിയ അപ്രഖ്യാപിത ഹര്‍ത്താലിൽ കടകള്‍ നിര്‍ബന്ധിച്ച്‌ അടപ്പിക്കുകയും കെഎസ്‌ആര്‍ടിസി ബസ്‌ തടഞ്ഞ്‌ പ്രകോപനമുണ്ടാക്കുകയും ചെയ്ത ബിജെപി നേതാവ് അറസ്റ്റിലായി.  നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇദ്ദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തത്.

ബിജെപി കുന്നംകുളം മേഖല പ്രസിഡന്റ്‌ കാണിപ്പയ്യൂര്‍ കരുമത്തില്‍ വീട്ടില്‍ സനു (ഗണപതി-35) വിനെയാണ്‌ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരം എസ്‌ഐ യുകെ ഷാജഹാന്‍ അറസ്‌റ്റുചെയ്‌തത്‌. ഹർത്താലിനിടെ സിപിഎമ്മിന്റെയും എല്‍ഡിഎഫിൻ്റെയും ബോർഡുകളും കൊടിതോരണങ്ങളും തകര്‍ക്കുകയും ചെയ്തിരുന്നു. അപ്രഖ്യാപിത ഹര്‍ത്താലിന്റെ മറവില്‍ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ കുന്നംകുളം നഗരത്തില്‍ അഴിഞ്ഞാടിയത്‌. കടകളും ഹോട്ടലുകളും നിര്‍ബന്ധിച്ച്‌ അടപ്പിക്കുകയും സ്വകാര്യ ബസുകളും  കെഎസ്‌ആര്‍ടിസി ബസുകള്‍ തടയുകയും ചെയ്‌തിരുന്നു.

സംഘ്‌പരിവാര്‍ പ്രവര്‍ത്തകരുടെ  പ്രതിഷേധം ജനങ്ങളില്‍ ഭീതി പരത്തിയിരുന്നതിനെ തുടർന്നു ബിജെപി നിയോജകമണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ 150 പേര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പ്‌ പ്രകാരവും ഇവരുള്‍പ്പെടെ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേയും പോലീസ്‌ കേസെടുത്തിരുന്നു. അഞ്ച്‌ പ്രവര്‍ത്തകരെ സംഭവദിവസം പോലീസ്‌ അറസ്‌റ്റുചെയ്‌തിരുന്നു. കേസെടുത്തതിനെ തുടർന്ന് സനു ഒളിവിലായിരുന്നു.

എന്നാൽ കഴിഞ്ഞദിവസം ഡല്‍ഹിയില്‍ ആരംഭിച്ച ബിജെപി ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കാൻ പോയപ്പോഴാണ് sanoop പൊലീസിൻ്റെ പിടിയിലായത്.  നെടുമ്പാശേരിയില്‍നിന്ന്‌ വിമാനമാര്‍ഗം പോകാനായി വിമാനത്താവളത്തിലെത്തിയ സനു അവിടെ നില്‍ക്കുന്ന ഫോട്ടോ ഫേസ്ബുക്ക്‌ വഴി പോസ്റ്റ് ചെയ്യുകയായിരുന്നു.  പ്രതിയുടെ പോസ്റ്റ് കണ്ട കുന്നംകുളം പൊലീസ്‌ നെടുമ്പാശേരി വിമാനത്താവളം പൊലീസിന്‌ അടിയന്തര സന്ദേശം നല്‍കി.

വിമാനത്താവളം പൊലീസ് പ്രതിയെ  വിമാനത്താവളത്തില്‍ തടഞ്ഞുവെക്കുകയും രാത്രി കുന്നംകുളം പോലീസ്‌ നെടുമ്പാശേരിയിലെത്തി സനുവിനെ കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കഴിഞ്ഞദിവസം കോടതിയിൽ ഹാജരാക്കി.