സിബിഐ തലപ്പത്തുനിന്ന് സര്‍ക്കാര്‍ തെറിപ്പിച്ചതിനു പിന്നാലെ അലോക് വര്‍മയ്‌ക്കെതിരേ സിബിഐ അന്വേഷണത്തിനും നീക്കം; അനീതിയെന്ന് സുബ്രഹ്മണ്യന്‍ സ്വാമി

single-img
13 January 2019

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ സി.ബി.ഐ ഡയറക്ടര്‍ സ്ഥാനത്തു നിന്നും നീക്കിയ അലോക് വര്‍മക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ ശുപാര്‍ശ ചെയ്‌തേക്കും. മോയിന്‍ ഖുറേഷി മുഖ്യപ്രതിയായ ഹവാല നികുതി വെട്ടിപ്പ് കേസില്‍ അലോക് വര്‍മക്കെതിരെ വ്യക്തമായ തെളിവുണ്ടെന്നാണ് സി.വി.സി അവകാശപ്പെടുന്നത്.

അദ്ദേഹത്തിനെതിരെ വകുപ്പു തല നടപടിയും ക്രിമിനല്‍ അന്വേഷണവും ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് സി.വി.സി കത്തെഴുതും. രഹസ്യാന്വേഷണ ഏജന്‍സിയായ റോ കൈമാറിയ നാല് ടെലഫോണ്‍ സംഭാഷണങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുക.

അതേസമയം സി.വി.സി പക്ഷംപിടിക്കുകയാണെന്ന് അലോക് വര്‍മ ആരോപിച്ചു. അതിനിടെ സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അലോക് വര്‍മയെ മാറ്റിയ നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്തെത്തി. അലോക് വര്‍മയ്‌ക്കെതിരേയുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ നടപടി അനീതിയാണെന്ന് സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു. പ്രധാനമന്ത്രി അധ്യക്ഷനായ തെരഞ്ഞെടുപ്പ് കമ്മിറ്റിയാണ് അലോക് വര്‍മയെ പുറത്താക്കിയത്.

സിബിഐ മുന്‍ ഡയറക്ടറായിരുന്ന അലോക് വര്‍മ്മ കൈക്കൂലി വാങ്ങിയതിന് തെളിവില്ലെന്ന സിവിസി അന്വേഷണത്തിന് മേല്‍നോട്ടം വഹിച്ച മുന്‍ ജസ്റ്റിസ് എ കെ പട്‌നായിക്കിന്റെ റിപ്പോര്‍ട്ടിനോട് സുബ്രഹ്മണ്യന്‍ സ്വാമി പൂര്‍ണമായി യോജിക്കുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. വര്‍മ്മക്കെതിരായ അഴിമതി ആരോപണത്തിന് തെളിവില്ലെന്നും കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ പറയുന്നത് അന്തിമ വാക്ക് അല്ലെന്നും പട്‌നായിക്ക് ശനിയാഴ്ച പറഞ്ഞിരുന്നു.

അഴിമതി ആരോപിച്ച് സിബിഐ ഡയറക്ടര്‍ സ്ഥാനത്തുനിന്ന് വര്‍മ്മയെ ധൃതി പിടിച്ച് മാറ്റിയ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ തീരുമാനം ശരിയായില്ലെന്നും പട്‌നായിക് കൂട്ടിച്ചേര്‍ത്തു. അതേസമയം സിവിസി അന്വേഷണത്തില്‍ പരാമര്‍ശിച്ച ആരോപണത്തോട് പ്രതികരിക്കാന്‍ വര്‍മയോട് ആവശ്യപ്പെട്ടതിനോടും താന്‍ യോജിക്കുന്നതായും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി.