ആലപ്പാടിനെ തകര്‍ത്തത് സുനാമി; സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവര്‍: ആലപ്പാട് കരിമണല്‍ ഖനനം നിര്‍ത്തില്ലെന്നും മന്ത്രി ഇ.പി ജയരാജന്‍

single-img
13 January 2019

ആലപ്പാട് ഖനനം നിര്‍ത്തില്ലെന്ന് മന്ത്രി ഇ.പി ജയരാജന്‍. നിയമങ്ങള്‍ പാലിച്ച് ജനങ്ങളുടെ സഹകരണത്തോടുകൂടിയാണ് ഖനനം നടത്തുന്നത്. സമരം ചെയ്യുന്നവര്‍ മലപ്പുറത്തുള്ളവരാണ്. കര നഷ്ടമായത് സുനാമി കാരണമാണെന്നും ഖനനം മൂലമാണെന്ന് പറഞ്ഞു പരത്തുന്നത് ബോധപൂര്‍വ്വമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

ആലപ്പാട്ടെ വിഷയത്തില്‍ വിവാദത്തിനും സമരത്തിനുമുള്ള ഒരു സാഹചര്യവുമില്ല. ഇവിടെ ഖനനം നിര്‍ത്തിയാല്‍ പിന്നെ തുടങ്ങാന്‍ സാധിക്കില്ല. തീരം സംരക്ഷിക്കാന്‍ കടല്‍ഭിത്തിയുണ്ട്. ഖനനം ആലപ്പാടിന് ദോഷകരമല്ലെന്ന് ചൂണ്ടിക്കാട്ടി ഐആര്‍ഇ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. കെഎച്ച്എംഎല്‍ എംഡിയുടെ റിപ്പോര്‍ട്ടില്‍ ആലപ്പാട്ട് പ്രശ്‌നമുള്ളതായി പരാമര്‍ശമില്ലെന്നും ജയരാജന്‍ പറഞ്ഞു.

കൊല്ലം ആലപ്പാട് പഞ്ചായത്തിലെ കരിമണല്‍ ഖനനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ 16 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉന്നതതല യോഗം വിളിച്ചിട്ടുണ്ട്. എന്നാല്‍ സമരസമിതി പ്രവര്‍ത്തകരെ ക്ഷണിച്ചിരുന്നില്ല. അതിനിടെയാണു സമരത്തെത്തളളിയുള്ള ജയരാജന്റെ പ്രസ്താവന.

ഖനനം നിര്‍ത്തിവയ്ക്കാതെ സര്‍ക്കാരുമായി ഒരു ചര്‍ച്ചയ്ക്കും തയാറല്ലെന്ന നിലപാടിലാണു സമരസമിതിയും. മന്ത്രിമാരായ ഇ.പി. ജയരാജന്‍, ജെ. മേഴ്‌സിക്കുട്ടിയമ്മ, കൊല്ലം കലക്ടര്‍ എസ്. കാര്‍ത്തികേയന്‍ തുടങ്ങിയവരും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും ഖനനം നടത്തുന്ന പൊതുമേഖലാ സ്ഥാപനമായ ഐആര്‍ഇയുടെ പ്രതിനിധികളുമാണു യോഗത്തിലുണ്ടാവുക.

രാത്രി ഈ പ്രദേശത്തു നടക്കുന്ന കരിമണല്‍ കള്ളക്കടത്തു തടയാന്‍ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസം ജയരാജന്‍ വ്യക്തമാക്കിയിരുന്നു. പ്രദേശവാസികള്‍ ഈ വിഷയത്തില്‍ ഇതുവരെ നന്നായി സഹകരിച്ചിരുന്നു. സമരത്തിനുള്ള സാഹചര്യമെന്താണെന്നു പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.