പ്രസംഗം കേള്‍ക്കാന്‍ ഉമ്മന്‍ചാണ്ടി സദസ്സിലിരുന്നു; കൈപിടിച്ച് വേദിയില്‍ കയറ്റിയിരുത്തി രാഹുല്‍: നിറഞ്ഞു കവിഞ്ഞ ദുബായ് ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ ആവേശമായി രാഹുലിന്റെ പ്രസംഗം

single-img
12 January 2019

കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ യുഎഇയിലേക്കുള്ള വരവോടെ തെരഞ്ഞെടുപ്പ് ആവേശം കടല്‍ കടക്കുകയാണ്. ഗള്‍ഫിലെ പാര്‍ട്ടി അനുഭാവികളെ മാത്രമല്ല പ്രവാസികളെ ഒന്നാകെ തെരഞ്ഞെടുപ്പിനായി സജ്ജമാക്കുന്നതായിരുന്നു രാഹുലിന്റെ പ്രസംഗം.

നിരവധിയാളുകളാണ് രാഹുല്‍ ഗാന്ധിയെ കാണാന്‍ ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് ഇരച്ചെത്തിയത്. കശ്മീര്‍ മുതല്‍ കേരളം വരെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുളള പ്രവാസികളാണ് എത്തിയത്. യുഎഇയിലെ 7 എമിറേറ്റുകള്‍ക്കു പുറമെ സൗദി, ഒമാന്‍, ബഹ്‌റൈന്‍, കുവൈത്ത്, ഖത്തര്‍ എന്നിവിടങ്ങളില്‍ നിന്നും മറ്റു വിദേശരാജ്യങ്ങളില്‍നിന്നും വരെ ആളുകളെത്തിയിരുന്നു. പതിനായിരത്തിലേറെപ്പേര്‍ ഇരിപ്പിടം കിട്ടാത്തതിനെ തുടര്‍ന്നു സ്റ്റേഡിയത്തിനു പുറത്തുനിന്നാണു പ്രസംഗം കേട്ടത്.

രാജ്യത്ത് കഴിഞ്ഞ 4 വര്‍ഷമായി അസഹിഷ്ണുതയുടെ കാലമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രവാസികളുടെ സഹായം കൂടാതെ രാജ്യത്ത് പുരോഗതി കൊണ്ടു വരാന്‍ സാധിക്കില്ല. രാജ്യത്തിനെ നേരിടുന്ന പ്രശ്‌നങ്ങളില്‍ പ്രവാസികള്‍ ഒന്നിച്ച് നില്‍ക്കണമെന്നും രാഹുല്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ രാഷ്ട്രീയ താല്‍പര്യത്തിനായി വിഭജിക്കുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. മതം, ഭാഷ, സംസ്‌കാരം, സാമ്പത്തിക നിലവാരം എന്നിങ്ങനെ പല പേരുകളിലാണ് രാജ്യത്ത് വിഭജിച്ച് കൊണ്ടിരിക്കുന്നതെന്നും രാഹുല്‍ വ്യക്തമാക്കി. ജിഎസ്ടിയും നോട്ടു നിരോധനവും രാജ്യത്തെ തകര്‍ത്തുവെന്നും തൊഴില്‍ രഹിതരായ യുവതയെയുമാണ് രാജ്യത്ത് കാണാന്‍ കഴിയുകയെന്നും രാഹുല്‍ പറഞ്ഞു.

രാജ്യത്തെ കര്‍ഷകര്‍ക്ക് ഭാവിയെക്കുറിച്ച് ആശങ്ക മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വീണ്ടുമൊരു ഹരിത വിപ്ലവത്തിന് സമയം ആയിരിക്കുന്നുവെന്നും സാങ്കേതിക വിദ്യ കൊണ്ടുള്ള സഹായം രാജ്യത്തെ കര്‍ഷകര്‍ക്ക് നല്‍കാന്‍ പ്രവാസികള്‍ക്ക് സാധിക്കുമെന്നും രാഹുല്‍ പറഞ്ഞു. രാജ്യത്തെ തൊഴിലില്ലായ്മ നിര്‍മാര്‍ജ്ജനം ചെയ്യാന്‍ പ്രവാസികള്‍ക്ക് ഏറെ കാര്യങ്ങള്‍ ചെയ്യാനുണ്ടെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

അതിനിടെ, ദുബായ് ജബര്‍ അലിയിലെ ലേബര്‍ ക്യാപില്‍ തൊഴിലാളികളെ അഭിസംബോധന ചെയ്യവേ രാഹുല്‍ ഗാന്ധി വേദിയില്‍ ഐഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടിയെ വിളിച്ചിരുത്തിയത് സവിശേഷ ശ്രദ്ധയാകര്‍ഷിച്ചു. സദസ്സില്‍ നിന്ന് ഉമ്മന്‍ചാണ്ടിയെ രാഹുല്‍ വേദിയിലേയ്ക്ക് വിളിച്ചിരുത്തുകയായിരുന്നു. വേദിയില്‍ രാഹുല്‍ ഗാന്ധിക്കും അധ്യക്ഷനും പ്രവാസി കോണ്‍ഗ്രസ് ചെയര്‍മാനുമായ സാം പിത്രോദയക്കു വേണ്ടി രണ്ട് ഇരിപ്പിടങ്ങള്‍ മാത്രമേ സജ്ജമാക്കിയിരുന്നുളളു. ഉമ്മന്‍ചാണ്ടിയെ രാഹുല്‍ വേദിയിലേയ്ക്ക് കൈപിടിച്ചു കയറ്റുകയായിരുന്നു.

Live from Dubai

Posted by Rahul Gandhi on Friday, January 11, 2019