കേരളത്തില്‍ ബംഗാളും, ത്രിപുരയും ആവര്‍ത്തിക്കാമെന്നു നിങ്ങള്‍ സ്വപ്‌നം കാണണ്ട; മലയാളികള്‍ അങ്ങിനെ മാറാന്‍ പോകുന്നില്ല: സംഘപരിവാറിൻ്റെ നുണ പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് ശ്രീകുമാരൻതമ്പി

single-img
12 January 2019

സംഘപരിവാർ പ്രചാരണത്തിനെതിരെ  ആഞ്ഞടിച്ച് ശ്രീകുമാരന്‍ തമ്പി. ശബരിമലയില്‍ വേഷം മാറി യുവതി പ്രവേശിച്ചതിനെതിരെ താന്‍ നടത്തിയ പ്രതികരണം സംഘപരിവാര്‍ പ്രവര്‍ത്തകര്‍ നുണപ്രചാരണത്തിനായി ഉപയോഗിക്കുന്നതിനെതിരെയാണ്  അദ്ദേഹം രംഗത്തെത്തിയത്. ഞാന്‍ പറയാത്ത കാര്യങ്ങള്‍ എന്റെ ഒരു വാചകത്തോട് കൂട്ടിയോജിപ്പിച്ച നുണപ്രചാരണം നടത്തുന്ന രീതി സംഘപരിവാർ പ്രവർത്തകർ അവസാനിപ്പിക്കണമെന്നു അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഇതാണോ നിന്റെയൊക്കെ ഹിന്ദുത്വം? വേഷം മാറി യുവതി പ്രവേശിച്ച സംഭവത്തെ എതിര്‍ത്തുള്ള എന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പിണറായി എന്ന പേരോ, കേരള സര്‍ക്കാര്‍ എന്ന വാക്കോ ഞാന്‍ പറഞ്ഞിട്ടില്ല. മാന്യമായി ജീവിക്കുന്ന ഹിന്ദുക്കളെ കൂടി നശിപ്പിച്ചിട്ട് ഇവര്‍ എന്ത് നേടാന്‍ പോകുന്നു?- ശ്രീകുമാരൻതമ്പി ചോദിക്കുന്നു.

സംഘപരിവാര്‍ പ്രവര്‍ത്തര്‍ തന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ പറയുന്ന ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം പങ്കുവെച്ചാണ് ശ്രീകുമാരന്‍ തമ്പിയുടെ വിമര്‍ശനം. കേരളത്തില്‍ ബംഗാളും, ത്രിപുരയും ആവര്‍ത്തിക്കാമെന്ന നിങ്ങള്‍ സ്വപ്‌നം കാണണ്ട. അത് സംഘികള്‍ ഓര്‍ത്തിരിക്കണം. നിങ്ങള്‍ എത്ര കൂകി വിളിച്ചാലും മലയാളികള്‍ അങ്ങിനെ മാറാന്‍ പോകുന്നില്ല-അദ്ദേഹം പറഞ്ഞു.

സനാതന ധര്‍മം എന്നാല്‍ തെമ്മാടിത്തവും നുണപ്രചാരണവുമല്ല. ക്ഷേത്രത്തില്‍ കയറിയതിനെ മാത്രമേ ഞാന്‍ വിമര്‍ശിച്ചിട്ടുള്ളുവെന്നും ശ്രീകുമാരന്‍ തമ്പി വ്യക്തമാക്കുന്നു.