Latest News, National, Politics

2014ന്​ ശേഷം ഇന്ത്യയിൽ വലിയ തീവ്രവാദ ആക്രമണങ്ങളുണ്ടായിട്ടില്ലെന്ന നിർമലാ സീതാരാമന്‍റെ വാദത്തെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ ഡി എ സർക്കാർ അധികാരത്തിലെത്തിയതിനു ശേഷം ഇന്ത്യയിൽ വലിയ തീവ്രവാദ ആക്രമണങ്ങളൊന്നും നടന്നിട്ടില്ലെന്ന പ്രസ്താവനയെ പൊളിച്ചടുക്കി സോഷ്യല്‍ മീഡിയ. ഡല്‍ഹിയില്‍ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗണ്‍സില്‍ യോഗത്തിലായിരുന്നു നിര്‍മലാ സീതാരാമന്‍ വിചിത്രമായ അവകാശവാദം ഉന്നയിച്ചത്.

ഈ സര്‍ക്കാര്‍ വന്നതിനു ശേഷമാണ് പഞ്ചാബിലെ പത്താന്‍കോട്ടില്‍ വ്യോമസേനാ കേന്ദ്രത്തിനു നേരെ ഭീകരാക്രമണം ഉണ്ടായത്. 72 മണിക്കൂര്‍ രാജ്യത്തെ മുള്‍മുനയില്‍ നിര്‍ത്തിയ ഭീകരാക്രമണത്തില്‍ 3 സൈനികരടക്കം 8 പേര്‍ കൊല്ലപ്പെട്ടിരുന്നു. പാക് ഭീകരസംഘടനയായ ജെയ്‌ഷെ മുഹമ്മദായിരുന്നു ആക്രമണത്തിന് പിന്നില്‍. അന്ന് അന്വേഷണത്തിന് പാക്കിസ്ഥാന്‍ രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് പത്താന്‍ കോട്ട് ബേസില്‍ പ്രവേശനം അനുവദിച്ചത് വന്‍ വിവാദമായിരുന്നു.

ജമ്മു കാശ്മീരിലെ പാംബോറിൽ സി ആർ പി എഫിന് നേരെ ഉണ്ടായ ആക്രമത്തിലും എട്ട് സൈനികര്‍ കൊല്ലപ്പെടുകയും 25 ഓളം സൈനികര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയുംചെയ്തിരുന്നു. 2016 സെപ്റ്റംബര്‍ 18 ന് നടന്ന ഉറി ആക്രമണത്തില്‍ 20 സൈനികര്‍ക്കായിരുന്നു ജീവന്‍ നഷ്ടമായത്. കൂടാതെ മുപ്പതോളം സൈനികര്‍ക്ക് പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇതിനെ തുടര്‍ന്നായിരുന്നു ഇന്ത്യ പാക്കിസ്ഥാന് ഉള്ളില്‍ കയറി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്.

ഇത്തരത്തില്‍ രാജ്യം നേരിട്ടതില്‍ വെച്ച് ഏറ്റവും കൂടുതല്‍ ഭീകരാക്രമണങ്ങള്‍ നേരിട്ട അഞ്ച് വര്‍ഷമാണ് കടന്നുപോയത് എന്നാണു സോഷ്യല്‍ മീഡിയ നിര്‍മലാ സീതാരാമനെ ഓര്‍മ്മിപ്പിക്കുന്നത്.