മീ ടൂ ഫാഷനെന്ന് പറഞ്ഞ മോഹന്‍ലാലിന്റെ നിലപാട് എന്തെന്ന് മനസ്സിലാകും: തുറന്നടിച്ച് പത്മപ്രിയ

single-img
12 January 2019

മീ ടു ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ലെന്നും, ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും, മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നുമുള്ള മോഹന്‍ലാലിന്റെ പരാമര്‍ശങ്ങള്‍ക്കെതിരെ നടിയും ഡബ്ല്യുസിസി അംഗവുമായ പത്മപ്രിയ രംഗത്ത്.

മോഹന്‍ലാല്‍ എപ്പോഴും ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണെന്നാണ് പറഞ്ഞിട്ടുള്ളത്. എന്നാല്‍ മീ ടു മൂവ്‌മെന്റിനെതിരെ ഇത്തരത്തില്‍ പറയുമ്പോള്‍ അദ്ദേഹത്തിന്റെ നിലപാട് എന്തെന്ന് മനസ്സിലാകുമെന്നും പത്മപ്രിയ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

മോഹന്‍ലാലിന്റെ പ്രസ്താവനക്കെതിരെ നടന്‍ പ്രകാശ് രാജ്, രേവതി എന്നിവരടക്കം നേരത്തെ രംഗത്തെത്തിയിരുന്നു. മീ ടു പോലൊരു വിഷയത്തില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ മോഹന്‍ലാല്‍ അല്‍പം കൂടി ജാഗ്രതയും കരുതലും പുലര്‍ത്തേണ്ടതുണ്ട് എന്നാണ് പ്രകാശ് രാജ് പറഞ്ഞത്. മീ ടു ഫാഷനാണെന്ന് പറയുന്ന ആളുകളെയൊക്കെ എങ്ങനെയാണ് മനസ്സിലാക്കേണ്ടത് എന്നായിരുന്നു രേവതിയുടെ ചോദ്യം.

അബുദാബിയില്‍ സിസംബര്‍ ഏഴിന് നടന്ന പ്രളയ ദുരിതാശ്വാസ ഫണ്ടിലേയ്ക്ക് പണം കണ്ടെത്താനുള്ള ഒന്നാണ് നമ്മള്‍ ഷോയെക്കുറിച്ചുള്ള വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുമ്പോഴാണ് മോഹന്‍ലാല്‍ വിവാദപരാമര്‍ശം നടത്തിയത്. മീ ടു ക്യാംപെയിന്‍ ഒരു പ്രസ്ഥാനമല്ല. ചിലര്‍ അത് ഫാഷനായി കാണുകയാണെന്നും മലയാള സിനിമയ്ക്ക് മീ ടു കൊണ്ടു യാതൊരു കുഴപ്പവുമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.