National

‘ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ പണി തുടരും; ചൗക്കിദാര്‍ അടങ്ങി ഇരിക്കാന്‍ പോകുന്നില്ല; ഒരാളെയും വിടില്ല’: തുറന്നടിച്ച് മോദി

ജനങ്ങളുടെ പണം അഴിമതിക്കാര്‍ക്ക് കൊള്ളയടിക്കാന്‍ പാകത്തില്‍ വച്ച് കൊടുത്തവരാണ് കോണ്‍ഗ്രസെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. 2008 മുതല്‍ 2014 വരെ ആറ് കൊല്ലം കൊണ്ട് കോണ്‍ഗ്രസ് ലോണ്‍ കൊടുത്തത് അഴിമതിക്കാര്‍ക്കാണെന്നും അത് മുന്‍ വര്‍ഷത്തേക്കാള്‍ പല മടങ്ങ് അധികമായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കോണ്‍ഗ്രസ് കാലത്ത് ലോണ്‍ കിട്ടാന്‍ രണ്ട് വഴികളായിരുന്നു. ഒന്ന്, കോമണ്‍ പ്രോസസ്സ്. രണ്ട്, കോണ്‍ഗ്രസ്സ് പ്രോസസ്സ്. കോണ്‍ഗ്രസ്സ് പ്രോസസ്സ് വഴി ലോണ്‍ എടുത്തവര്‍ക്ക് ആ ലോണ്‍ അടക്കാന്‍ വീണ്ടും മറ്റൊരു ലോണ്‍ കിട്ടും എന്നതാണ് പ്രത്യേകത. ചട്ടങ്ങള്‍ പാലിക്കാതെയാണ് കോണ്‍ഗ്രസ് ബാങ്ക് വായ്പകള്‍ അനുവദിച്ചതെന്നും മോദി ആരോപിച്ചു.

ആരൊക്കെ ബഹളം വച്ചാലും കാവല്‍ക്കാരന്‍ പണി തുടരും. ചൗക്കിദാര്‍ അടങ്ങി ഇരിക്കാന്‍ പോകുന്നില്ല. ഒരാളെയും വിടില്ല. കള്ളന്‍മാരെ എല്ലാം കാവല്‍ക്കാരന്‍ പിടികൂടുമെന്നും മോദി പറഞ്ഞു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു സര്‍ക്കാരിനെതിരെ അഴിമതിക്കുറ്റം ചുമത്താത്തതെന്നും മോദി പറഞ്ഞു.

റഫാല്‍ കരാറില്‍ അഴിമതിയില്ല, അക്കാര്യം കൊച്ചുകുട്ടികള്‍ക്ക് പോലും അറിയാമെന്ന് മോദി പറഞ്ഞു. യുവാക്കള്‍ക്ക് കൃത്യമായ മാര്‍ഗനിര്‍ദേശവും സൗകര്യങ്ങളും നല്‍കിയാല്‍ നിലനില്‍പ്പിനായി അവര്‍ക്ക് മറ്റൊന്നും നല്‍കേണ്ടതില്ലെന്നും മോദി പറഞ്ഞു.
നമുക്ക് ഭക്ഷ്യവസ്തുക്കള്‍ ലഭ്യമാക്കുന്ന രാജ്യത്തെ കര്‍ഷകരെ പ്രതിപക്ഷ കക്ഷികള്‍ വെറും വോട്ടുബാങ്ക് മാത്രമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.

ബി.ജെ.പി അധികാരത്തില്‍ വന്നതുമുതല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ സുതാര്യമാണ്. യുപിഎയുടെ പദ്ധതികള്‍ പേരുമാറ്റി ഞങ്ങള്‍ നടപ്പാക്കുകയാണെന്നാണ് മറ്റൊരു ആരോപണം. നിങ്ങള്‍ പറയണം, ഞാന്‍ അധികാരത്തില്‍ വന്ന ശേഷം മോദിയുടെ പേരില്‍ എത്ര പദ്ധതികള്‍ വന്നുവെന്ന് അദ്ദേഹം ചോദിച്ചു.

വിശാലസഖ്യം ജനങ്ങളോടുള്ള വഞ്ചനയാണ്. ഇപ്പോള്‍ മോദി വിരോധത്തിലാണ് ചിലര്‍ സഖ്യമുണ്ടാക്കുന്നതെന്നും മോദി ആരോപിച്ചു. സാമ്പത്തിക സംവരണത്തെപ്പറ്റി ചിലര്‍ വ്യാജ പ്രചാരണം നടത്തുന്നു. എന്നാല്‍ മുന്നോക്കക്കാരിലെ പിന്നോക്കക്കാരുടെ ഉന്നമനമാണ് ബിജെപിയുടെ ലക്ഷ്യമെന്നും മോദി വ്യക്തമാക്കി.