‘സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ ‘തത്തക്ക്’ വിശാലമായ ആകാശത്ത് പറക്കാനാകില്ല’; മോദി സര്‍ക്കാരിനെതിരെ ഒളിയമ്പുമായി മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ

single-img
12 January 2019

സി.ബി.ഐയെ സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് അനുസൃതമായി ഉപയോഗിക്കുന്നതിനെ വിമര്‍ശിച്ച് മുന്‍ ചീഫ് ജസ്റ്റിസ് ആര്‍.എം ലോധ രംഗത്ത്. സര്‍ക്കാര്‍ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്ന സി.ബി.ഐയെ ആദ്യമായി ‘കൂട്ടിലടച്ച തത്ത’ എന്ന് വിശേഷിപ്പിച്ചത് ആര്‍.എം ലോധയായിരുന്നു.

‘സ്വാതന്ത്ര്യം നല്‍കിയില്ലെങ്കില്‍ തത്തക്ക് വിശാലമായ ആകാശത്ത് പറക്കാനാകില്ല. രാജ്യത്തെ പ്രധാന അന്വേഷണ ഏജന്‍സി എന്ന സി.ബി.ഐയുടെ സ്ഥാനത്തിന് സംരക്ഷണം നല്‍കണം. അതിനായി എന്തെങ്കിലും ചെയ്യാനുണ്ടെങ്കില്‍ അതിനുള്ള സമയമാണിപ്പോള്‍.

എങ്ങനെ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യം സംരക്ഷിക്കാം എന്നതിന് വിവിധ വഴികള്‍ തേടണം. വിജയികളായ സര്‍ക്കാര്‍ പോലും സി.ബി.ഐയെ സ്വാധീനിക്കാനും അവരവരുടെ താത്പര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കാനും ശ്രമിക്കും. ഈ വിഷയം കോടതിയുടെ പരിഗണനയിലുള്ളതാണ്.

കല്‍ക്കരി അഴിമതിയിലും മറ്റും ഇതും ഉയര്‍ന്നു വന്നിരുന്നു. സി.ബി.ഐയുടെ സ്വാതന്ത്ര്യം കോടതിയുടെ നിരീക്ഷണത്തിലൂടെയോ മറ്റു വഴികളിലൂടെയോ ഉറപ്പാക്കേണ്ടതാണ് – ആര്‍.എം ലോധ പറഞ്ഞു

അതേസമയം സ്ഥാനഭൃഷ്ടനായ സി.ബി.ഐ ഡയറക്ടര്‍ അലോക് വര്‍മയ്‌ക്കെതിരെ ഉയര്‍ന്ന അഴിമതി ആരോപണത്തില്‍ തെളിവുകളില്ലെന്ന് കേസുകളില്‍ അന്വേഷണം നടത്തുന്ന സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷന്റെ മേല്‍നോട്ട ചുമതലയുള്ള വിരമിച്ച സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എ.കെ പട്‌നായിക്. സി.വി.സി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ തന്റേതല്ലെന്നും ജസ്റ്റിസ് എ.കെ പട്‌നായിക് വ്യക്തമാക്കി.

അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നല്‍കിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നെന്നും ജസ്റ്റിസ് എ.കെ പട്‌നായിക് വ്യക്തമാക്കി.

ഈമാസം 31ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അലോക് വര്‍മയെ സി.ബി.ഐ. ഡയറക്ടര്‍സ്ഥാനത്തുനിന്ന് നീക്കിയത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്ന വര്‍മ, സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സി.ബി.ഐ. ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയുംമുമ്പായിരുന്നു പുറത്താക്കല്‍. പ്രധാനമന്ത്രി നരേന്ദ്ര മോദി, സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എ.കെ. സിക്രി, കോണ്‍ഗ്രസ് നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എന്നിവരുള്‍പ്പെട്ട ഉന്നതാധികാരസമിതിയുടേതായിരുന്നു തീരുമാനം. ഖാര്‍ഗെ നടപടിയോട് വിയോജിച്ചിരുന്നു.