കൊല്ലത്ത് കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം; ഒരു കുടുംബത്തിലെ അംഗങ്ങളെന്ന് സൂചന

single-img
12 January 2019

കൊല്ലം: എം.സി റോഡില്‍ ആയൂരിന് സമീപം കെ.എസ്.ആര്‍.ടി.സിയും കാറും കൂട്ടിയിടിച്ച് അഞ്ചു മരണം. കട്ടപ്പന തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ആണ് അപകടത്തില്‍പെട്ടത്. പത്തനംതിട്ട വടശേരിക്കര സ്വദേശികളാണ് മരിച്ചതെന്ന് സംശയിക്കുന്നു. കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പെട്ടവരെ പുറത്തെത്തിച്ചത്.

കൊട്ടാരക്കരയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്ന കെഎസ്ആര്‍ടിസി ബസും എതിര്‍ ദിശയില്‍ വടശേരിക്കരയിലേക്ക് പോകുകകയായിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറില്‍ ഉണ്ടായിരുന്ന ആറ് പേരില്‍ അഞ്ചുപേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഒരാളുടെ നില ഗുരുതരമാണ്. രണ്ട് സ്ത്രീകളും ഒരു കുട്ടിയും കാര്‍ ഡ്രൈവറുമാണ് മരിച്ചത്. അഞ്ചാമത്തെ ആളിന്റെ വിവരം ലഭ്യമായിട്ടില്ല. ഇവരുടെ മൃതദേഹം കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കെഎസ്ആര്‍ടിസി ബസിലേക്ക് കാര്‍ ഇടിച്ചുകയറുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. കാര്‍ പൂര്‍ണ്ണമായും തകര്‍ന്നിട്ടുണ്ട്.