ഓസ്‌ട്രേലിയക്കെതിരെ തകര്‍ന്നടിഞ്ഞ് ഇന്ത്യ: നാലു റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി

single-img
12 January 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഒന്നാം ഏകദിനത്തില്‍ 289 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യയ്ക്ക് നാലു റണ്‍സ് എടുക്കുന്നതിനിടെ മൂന്നു വിക്കറ്റ് നഷ്ടമായി. ഓപ്പണര്‍ ശിഖര്‍ ധവാന്‍ (പൂജ്യം), ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി (മൂന്ന്), അമ്പാട്ടി റായുഡു (0) എന്നിവരാണ് പുറത്തായത്. ഏഴ് ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ 15 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. രോഹിത് ശര്‍മ (19 പന്തില്‍ ആറ്), മഹേന്ദ്രസിങ് ധോണി (ഏഴു പന്തില്‍ ഒന്ന്) എന്നിവര്‍ ക്രീസില്‍.

നേരിട്ട ആദ്യ പന്തില്‍ത്തന്നെ അരങ്ങേറ്റ മല്‍സരം കളിക്കുന്ന ജേസണ്‍ ബെഹ്‌റെന്‍ഡ്രോഫിനു വിക്കറ്റ് സമ്മാനിച്ചാണ് ധവാന്റെ മടക്കം. റിച്ചാര്‍ഡ്‌സന്‍ എറിഞ്ഞ നാലാം ഓവറിന്റെ മൂന്നാം പന്തില്‍ കോഹ്‌ലിയും പുറത്ത്. തൊട്ടടുത്ത പന്തില്‍ അമ്പാട്ടി റായുഡു ‘സംപൂജ്യ’നായി. നേരിട്ട ആദ്യ പന്തില്‍ എല്‍ബിയില്‍ കുരുങ്ങിയ റായുഡു തീരുമാനം റിവ്യൂ ചെയ്‌തെങ്കിലും ഫലമുണ്ടായില്ല.

ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ആതിഥേയര്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍ നേടിയിരുന്നു. 73 റണ്‍ നേടിയ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപാണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി കുല്‍ദീപ് യാദവ്, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ രണ്ട് വിക്കറ്റ് നേടി. രവീന്ദ്ര ജഡേജയ്ക്കാണ് ഒരു വിക്കറ്റ്.

തകര്‍ച്ചയോടെയായിരുന്നു ഓസീസിന്റെ തുടക്കം. സ്‌കോര്‍ ബോര്‍ഡില്‍ 41 റണ്‍സ് മാത്രമുള്ളപ്പോള്‍ ഓപ്പണര്‍മാരെ അവര്‍ക്ക് നഷ്ടമായി. ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചി(6)ന്റെ വിക്കറ്റ്് ഭുവനേശ്വര്‍ കുമാറെടുത്തപ്പോള്‍ അലക്‌സ് കാരി (24)യെ കുല്‍ദീപ് യാദവ് സ്ലിപ്പില്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിക്കുകയായിരുന്നു. ഭുവനേശ്വറിന്റെ മനോഹരമായ ഒരു ഇന്‍സ്വിങ്ങറിലാണ് ഫിഞ്ച് പുറത്തായത്. ഓഫ് സ്റ്റംപിന് ലക്ഷ്യാക്കി വന്ന പന്ത് ഉള്ളിലേക്ക് സ്വിങ് ചെയ്ത് ഫിഞ്ചിന്റെ മിഡില്‍ സ്റ്റംപെടുത്തു.

പിന്നാലെ ഒത്തുച്ചേര്‍ന്ന ഉസ്മാന്‍ ഖവാജ (59), ഷോണ്‍ മാര്‍ഷ് (54) കൂട്ടുക്കെട്ടാണ് ഓസീസിനെ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. ഇരുവരും 92 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഖവാജയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജഡേജ ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കി. പിന്നീടെത്തിയ പീറ്റര്‍ ഹാന്‍ഡ്‌കോംപ്‌സും ഓസീസിന് നിര്‍ണായക സംഭാവന നല്‍കി. ഇരുവരും 53 റണ്‍സ് ടോട്ടലിനൊപ്പം ചേര്‍ത്തു.

എന്നാല്‍ കുല്‍ദീപിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ മാര്‍ഷ് ലോങ് ഓണില്‍ ഷമിയുടെ കൈകളില്‍ ഒതുങ്ങി. പിന്നീടെത്തിയ മാര്‍കസ് സ്റ്റോയ്‌നിസി (47)ന്റെ ഇന്നിങ്‌സും റണ്‍ നിരക്ക് വര്‍ധിപ്പിക്കാന്‍ സഹായിച്ചു. അതിനിടയില്‍ ഹാന്‍ഡ്‌സ്‌കോംപിനെ ഭുവനേശ്വര്‍, ധവാന്റെ കൈകളിലെത്തിച്ചു. ഗ്ലെന്‍ മാക്‌സ്‌വെല്‍ (11) പുറത്താവാതെ നിന്നു. 10 ഓവറില്‍ 66 റണ്‍സ് വഴങ്ങിയാണ് ഭുവനേശ്വര്‍ രണ്ട് വിക്കറ്റ് നേടിയത്. കുല്‍ദീപ് 10 ഓവറില്‍ 54 റണ്‍സ് വഴങ്ങി. ഷമി വിക്കറ്റ് നേടിയെങ്കിലും 10 ഓവറില്‍ 46 റണ്‍സ് മാത്രമാണ് വിട്ടുനല്‍കിയത്.