ഒറ്റ സെല്‍ഫിയില്‍ താരമായി കാസര്‍കോട്ടെ ഹസിന്‍

single-img
12 January 2019

രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കു ആവേശനിര്‍ഭരമായ സ്വീകരണമാണ് ദുബായില്‍ ലഭിച്ചത്. രാഹുലിന്റെ ദുബായ് സന്ദര്‍ശനവേളയില്‍ സമൂഹമാധ്യമങ്ങള്‍ തിരഞ്ഞത് രാഹുലിനൊപ്പം സെല്‍ഫിയെടുത്ത ഒരു സുന്ദരിയെയായിരുന്നു.

പെണ്‍കുട്ടിക്കൊപ്പമുളള സെല്‍ഫി രാഹുല്‍ തന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെ പെണ്‍കുട്ടി ആരെന്നറിയാന്‍ സമൂഹമാധ്യമങ്ങള്‍ ശ്രമം ആരംഭിക്കുകയും ചെയ്തു. യുഎഇ സ്വദേശിയാണെന്നും എയര്‍പോര്‍ട്ട് ജീവനക്കാരിയാണെന്നും അങ്ങനെ മിനിറ്റുകള്‍ക്കുള്ളില്‍ അഭ്യൂഹങ്ങള്‍ പലതും പ്രചരിച്ചു.

എന്നാല്‍ കാസര്‍ഗോഡ് മേല്‍പറമ്പ് സ്വദേശി ഹസിന്‍ അബ്ദുള്ളയാണ് രാഹുല്‍ ഗാന്ധിക്കൊപ്പം വൈറലായ സെല്‍ഫിക്ക് പോസ് ചെയ്തത്. സഹോദരന്‍ നൗഫല്‍ അബ്ദുല്ലയ്‌ക്കൊപ്പം രാഹുലിനെ കാണാന്‍ വിമാനത്താവളത്തില്‍ എത്തിയെങ്കിലും തിരക്കു കാരണം ഫോട്ടോ എടുക്കാന്‍ സാധിച്ചില്ല.

തുടര്‍ന്ന് അനുവാദം വാങ്ങിയ ശേഷം കുടുംബത്തിനൊപ്പം രാഹുല്‍ താമസിക്കുന്ന ജുമൈറ ബീച്ച് ഹോട്ടലില്‍ എത്തുകയും സെല്‍ഫി എടുക്കുകയും ചെയ്തു. ഈ ചിത്രം രാഹുലിന്റെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്യുമെന്നോ ഇത്രയധികം ചര്‍ച്ചയാകുമെന്നോ ഈ പെണ്‍കുട്ടി കരുതിയിരുന്നില്ല. ടെലിഫോണ്‍ വിളികളുടെ ബഹളത്തിലാണിപ്പോള്‍ ഹസിന്‍. നിനച്ചിരിക്കാതെ വന്ന പ്രശസ്തിയുടെ ആവേശത്തിലും ആഹ്ലാദത്തിലുമാണ് ഇപ്പോള്‍ ഹസിന്‍.