Sports

‘യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു; ഇത്തരമൊരു സംസ്‌കാരം ഞങ്ങളുടെ തലമുറ ഒരിക്കലും സൃഷ്ടിച്ചിട്ടില്ല; അവരുടെ സല്‍പ്പേര് പോയി’: തുറന്നടിച്ച് ഹര്‍ഭജന്‍ സിങ്

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കുടുങ്ങിയ ഹര്‍ദിക് പാണ്ഡ്യക്കും കെ.എല്‍ രാഹുലിനുമെതിരെ മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിങ് രംഗത്ത്. ‘പണ്ടു ഞങ്ങള്‍ ഡ്രസ്സിങ് റൂമില്‍പ്പോലും ഇങ്ങനെയൊന്നും സംസാരിക്കാറുണ്ടായിരുന്നില്ല. ഇപ്പോഴിതാ പാണ്ഡ്യയും രാഹുലും യാതൊരു നാണവുമില്ലാതെ പലതും ടിവിയിലൂടെ വിളിച്ചുപറയുന്നു. ഇതു കേട്ടാല്‍ ആളുകള്‍ എന്താണു കരുതുക? എല്ലാ ക്രിക്കറ്റ് താരങ്ങളും ഇങ്ങനെയൊക്കെ തന്നെയാണെന്നല്ലേ? ഹര്‍ഭജനും കുംബ്ലെയും സച്ചിനുമൊക്കെ ഇങ്ങനെയായിരുന്നെന്ന്?’ ഹര്‍ഭജന്‍ പറഞ്ഞു.

രണ്ടോ മൂന്നോ മത്സരങ്ങളില്‍ നിന്ന് അവരെ ഒഴിവാക്കിയത് കൊണ്ട് ഒന്നും മാറില്ല. അവരുടെ സല്‍പ്പേര് പോയി, അവരില്‍ സഹതാരങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു. ഒരു പാര്‍ട്ടിയില്‍ നിങ്ങളെ സമീപിച്ചാല്‍ അവര്‍ക്കൊപ്പം നില്‍ക്കാന്‍ നിങ്ങള്‍ ഇഷ്ടപ്പെടുമോ?.

എനിക്കൊരു മകളുള്ളതിനാല്‍ അവര്‍ക്കൊപ്പം ബസ്സില്‍ ഞാന്‍ യാത്ര ചെയ്യില്ല. എന്റെ ഭാര്യ ടീം ബസില്‍ യാത്ര ചെയ്യുമ്പോള്‍ അവള്‍ എങ്ങനെ ചിന്തിക്കും. നിങ്ങള്‍ ഒരു വശത്തിലൂടെ മാത്രം സ്ത്രീകളെ നോക്കുകയാണോ? അത് ശരിയല്ല. ഇത് നമ്മെ വേദനിപ്പിക്കുന്നു. 20 വര്‍ഷത്തോളം രാജ്യത്തിനായി കളിച്ച സച്ചിന്‍ അടക്കമുള്ളവരുടെ സല്‍പ്പേരിന് ഇത് കളങ്കമുണ്ടാക്കി ഹര്‍ഭജന്‍ വ്യക്തമാക്കി.

‘ഡ്രസിങ് റൂമിലും ഇതൊക്കെത്തന്നെയാണോ സ്ഥിതി’ എന്ന ജോഹറിന്റെ ചോദ്യത്തിനും ‘ശരിയാണ്’ എന്ന മട്ടിലാണ് പാണ്ഡ്യയും രാഹുലും മറുപടി നല്‍കിയത്. ഇതിനെയും ഹര്‍ഭജന്‍ വിമര്‍ശിച്ചു. ‘ഈ പാണ്ഡ്യയൊക്കെ ടീമിലെത്തിയിട്ട് എത്ര നാളായി?.

ടീമിനെക്കുറിച്ചും അവിടുത്തെ രീതികളെക്കുറിച്ചും ഇത്ര ആധികാരികമായി സംസാരിക്കാന്‍ മാത്രമൊക്കെ പരിചയം അയാള്‍ക്കുണ്ടോയെന്നും ഹര്‍ഭജന്‍ ചോദിച്ചു. ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്താനുള്ള നീക്കത്തെയും ഹര്‍ഭജന്‍ പിന്തുണച്ചു. ‘ഇക്കാര്യത്തില്‍ ബിസിസിഐയുടെ നിലപാടാണ് ശരി. മുന്നോട്ടുള്ള വഴിയും ഇതുതന്നെ. ഇക്കാര്യത്തില്‍ ഇതാണു സംഭവിക്കാന്‍ പോകുന്നതെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു’- ഹര്‍ഭജന്‍ പറഞ്ഞു.

വിവാദ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തില്‍ പാണ്ഡ്യയ്ക്കും രാഹുലിനും ബിസിസിഐ കാരണം കാണിക്കല്‍ നോട്ടിസ് അയച്ചിരുന്നു. തുടര്‍ന്ന് ഇരുവരും നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നു ചൂണ്ടിക്കാട്ടിയാണ് ഇടക്കാല ഭരണസമിതി ചെയര്‍മാന്‍ വിനോദ് റായിയും അംഗമായ ഡയാന എഡുല്‍ജിയും ഇരുവര്‍ക്കും വിലക്കേര്‍പ്പെടുത്താന്‍ ശുപാര്‍ശ ചെയ്തത്.

ഇരുവര്‍ക്കുമെതിരെ അന്വേഷണം പ്രഖ്യാപിച്ചു പൂര്‍ത്തിയാകും വരെ ടീമിനു പുറത്തുനിര്‍ത്താനും തീരുമാനമുണ്ട്. ഈ സാഹചര്യത്തില്‍ സിഡ്‌നിയില്‍ നടക്കുന്ന ഇന്ത്യ–ഓസ്‌ട്രേലിയ ഒന്നാം ഏകദിനത്തില്‍ ഇരുവരെയും ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. നിലവില്‍ ടീമിനൊപ്പം ഓസ്‌ട്രേലിയയിലുള്ള ഇവരെ നാട്ടിലേക്കു തിരിച്ചയയ്ക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.