ധോണി ഔട്ടല്ലെന്ന് റിപ്ലേയില്‍ വ്യക്തം; അമ്പാട്ടി റായിഡുവിന്റെ തെറ്റായ തീരുമാനം ഇന്ത്യയ്ക്ക് തിരിച്ചടിയായി
സിഡ്നി ഏകദിനത്തില്‍ വമ്പന്‍ തോല്‍വി വഴങ്ങാതെ ഇന്ത്യയെ കാത്തത് ധോണി രോഹിത് ശര്‍മ്മ കൂട്ടുകെട്ടാണ്. അര്‍ധ സെഞ്ചുറി നേടി മുന്നേറുകയായിരുന്ന ധോണിയെ അരങ്ങേറ്റക്കാരന്‍ ബഹ്റന്ഡോഫ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്.
എല്‍.ബി അപ്പീല്‍ തെറ്റായി അമ്പയര്‍ അനുവദിച്ചപ്പോള്‍ നല്കാന് ബാക്കി റിവ്യു ഉണ്ടായിരുന്നില്ല. റിപ്ലേകളില്‍ പന്ത് ലൈനിന് പുറത്താണ് പിച്ച് ചെയ്തതെന്ന് കാണുമ്പോഴും നിസഹായനായി ധോണി പവലിയനിലേക്ക് മടങ്ങുകയായിരുന്നു. ധോണിയേയും ഇന്ത്യയേയും നിസഹായരാക്കിയത് അമ്പാട്ടി റായുഡുവിന്റെ തെറ്റായ തീരുമാനമായിരുന്നു.
റിച്ചാഡ്സന്റെ പന്തില്‍ റായിഡു വിക്കറ്റിന് മുന്നില്‍ കുടുങ്ങിയപ്പോള്‍ റിവ്യു ചെയ്തിരുന്നു. എന്നാല്‍ റായുഡുവിന്റെയും ഇന്ത്യയുടേയും പ്രതീക്ഷകള്‍ തെറ്റിയെന്ന് മാത്രമല്ല. പിന്നീട് ഇന്ത്യയുടെ ഇന്നിംങ്സില്‍ ഈ റിവ്യു തീരുമാനം നിര്‍ണ്ണായകമാവുകയും ചെയ്തു. ഇന്നിംങ്സിലെ ഏക റിവ്യു എത്രത്തോളം സൂക്ഷിച്ചുവേണം ഉപയോഗിക്കേണ്ടത് എന്നതിന്റെ തെളിവായിരുന്നു ധോണിയുടെ പുറത്താവല്‍.
നേരത്തെ, 11ാം ഓവറില്‍ ഷമിയുടെ പന്തില്‍ ഉസ്മാന് ഖ്വാജ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയപ്പോള്‍ റിവ്യൂ ഉപയോഗിക്കാതെ ഇന്ത്യ അത് പാഴാക്കുകയും ചെയ്തു. വിക്കറ്റിനായി ഷമി അപ്പീല്‍ ചെയ്തെങ്കിലും അമ്പയര്‍ അനുവദിച്ചില്ല. ഈ സമയം ഡി.ആര്.എസ് എടുക്കുന്നതിനെ കുറിച്ച് കോലിയും ഷമിയും ധോണിയോട് ചോദിച്ചു.
എന്നാല്‍ അപ്പീല്‍ നല്‍കുന്നതിനോട് ധോനി യോജിച്ചില്ല. എന്നാല്‍ റിപ്ലേകളില്‍ അത് ഔട്ട് ആയിരുന്നു എന്ന് വ്യക്തമായി. ഒടുവില്‍ 81 പന്തില്‍ 59 റണ്‍സെടുത്ത ശേഷമാണ് ഖ്വാജ പുറത്തായത്. ജഡേജയ്ക്കായിരുന്നു വിക്കറ്റ്. മൂന്നാം വിക്കറ്റില്‍ ഖ്വാജമാര്‍ഷ് സഖ്യം കൂട്ടിച്ചേര്‍ത്തു 92 റണ്‍സ് ഓസീസ് ഇന്നിങ്സില്‍ നിര്‍ണായകമാകുകയും ചെയ്തു.
അതേസമയം സിഡ്നി ഏകദിനത്തില്‍ 34 റണ്‍സിന് ഇന്ത്യ പരാജയപ്പെട്ടതിന് പിന്നാലെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങി എം എസ് ധോണി. വന്‍ വിജയ ലക്ഷ്യം പിന്തുടര്ന്ന് ഇന്ത്യയ്ക്ക് ആവശ്യമായ റണ്‍റേറ്റ് നിലനിര്‍ത്തുന്നതിന് ധോണി പരാജയപ്പെട്ടതായിട്ടാണ് ആരാധകര്‍ വിലയിരുത്തുന്നത്. 96 പന്തില്‍ 51 റണ്‍സാണ് ധോണി നേടിയത്. 53.13 സ്ട്രൈക്ക് റേറ്റിലായിരുന്നു ധോണിയുടെ ബാറ്റിംഗ്.
ടെസ്റ്റ് ശൈലിയിലാണ് ധോണി ബാറ്റ് വീശിയതെന്ന് ആരാധകര്‍ വിമര്‍ശിക്കുന്നത്. നാല് റണ്‍സ് എടുക്കുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായ ഇന്ത്യ കരകയറ്റുന്നതിന് രോഹിത് ശര്‍മ്മയ്ക്കുമായി കൂട്ട്കെട്ട് ഉണ്ടാക്കിയ ധോണി സ്ട്രൈക്ക് കൈമാറുന്നതിലും ബൗണ്ടറി കണ്ടെത്തുന്നതിലും പരാജയപ്പെട്ടതായിട്ടാണ് വിമര്‍ശനം.
അതേസമയം മികച്ച രീതിയില്‍ ബാറ്റ് വീശിയ രോഹിത് 129 പന്തില്‍ നിന്നും 133 റണ്‍സാണ് നേടിയത്. 10 ഫോറും 6 സിക്സും അടക്കം 103.10 സ്ട്രൈക്ക് റേറ്റിലാണ് രോഹിത് ക്രീസില്‍ നിറഞ്ഞാടിയത്. പക്ഷേ രോഹിതിന്റെ മികച്ച ബാറ്റിംഗിനും ഇന്ത്യയ്ക്ക് വിജയം സമ്മാനിക്കുന്നതിന് സാധിച്ചില്ല.