പുതുവര്‍ഷത്തില്‍ ചരിത്ര നേട്ടം സ്വന്തമാക്കി ധോണി

single-img
12 January 2019

ഓസ്‌ട്രേലിയയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യയ്ക്ക് തോല്‍വി. 34 റണ്‍സിനാണ് ഇന്ത്യയെ ഓസ്‌ട്രേലിയ തോല്‍പ്പിച്ചത്. 129 ബോളില്‍ നിന്ന് 133 റണ്‍സെടുത്ത രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി പാഴായി. ഇതോടെ, മൂന്ന് ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. ഓസ്‌ട്രേലിയയുടെ 1000ാം അന്താരാഷ്ട്ര മത്സര ജയമാണിത്.

അതിനിടെ, ഇന്ത്യക്കായി ഏകദിനത്തില്‍ 10,000 റണ്‍സ് തികയ്ക്കുന്ന താരമായി എംഎസ് ധോണി. സിഡ്‌നി ഏകദിനത്തില്‍ ഇന്ത്യയുടെ വിക്കറ്റ് കൊഴിച്ചിലിനിടെയാണ് ധോണി ചരിത്രമെഴുതിയത്. ആറാം ഓവറിലെ അവസാന പന്തില്‍ റിച്ചാര്‍ഡ്‌സിനെ സിംഗിളെടുത്താണ് ധോണി പതിനായിരം തികച്ചത്. സിഡ്‌നിയില്‍ ബാറ്റിംഗിനിറങ്ങുമ്പോള്‍ ചരിത്ര നേട്ടത്തിന് ഒരു റണ്‍സ് അകലെ മാത്രമായിരുന്നു ധോണി.

ഏകദിന ക്രിക്കറ്റില്‍ നേരത്തെ പതിനായിരം ക്ലബിലെത്തിയിരുന്നെങ്കിലും ഇതില്‍ 174 റണ്‍സ് നേടിയത് ഏഷ്യന്‍ ഇലവനു വേണ്ടിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു അര്‍ദ്ധ സെഞ്ചുറി പോലും നേടാനാകാതിരുന്ന ധോണിക്ക് പുതുവര്‍ഷത്തില്‍ ചരിത്ര നേട്ടത്തോടെ ഇന്നിംഗ്‌സ് തുടങ്ങാനായി.