Latest News, National

മോദി വീണ്ടും അധികാരത്തിൽ എത്തിയാൽ കേരളം ബിജെപി ഭരിക്കുമെന്ന് അമിത് ഷാ

നരേന്ദ്ര മോദി  രാജ്യത്ത് വീണ്ടും അധികാരത്തിൽവന്നാൽ കേരളത്തിലും ബംഗാളിലും ബിജെപി ഭരിക്കുമെന്ന് പാർട്ടിയധ്യക്ഷൻ അമിത് ഷാ. ഡൽഹിയിൽ ആരംഭിച്ച ബി.ജെ.പി. ദേശീയ കൗൺസിൽ യോഗത്തിലായിരുന്നു അമിത് ഷാ ഇക്കാര്യം പറഞ്ഞത്<

മോദി സർക്കാർ വീണ്ടും അധികാരത്തിൽവന്നാൽ ദക്ഷിണേന്ത്യയിൽ പാർട്ടി ശക്തമാകുമെന്നും അത് രാജ്യത്തിന് ഏറെ ഗുണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിന് ഉറച്ച സർക്കാരാണ് ആവശ്യം. ഇതു നൽകാൻ ബിജെപിക്ക് മാത്രമേ കഴിയൂ. പ്രതിപക്ഷത്തിന് നൽകാൻ കഴിയുന്നത് ദുർബല സർക്കാരായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ പാറപോലെ മോദിക്കുപിന്നിൽ ഉറച്ചുനിന്നാൽ വീണ്ടും ബിജെപി അധികാരത്തിൽവരുമെന്നും  അമിത് ഷാ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2019-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് രാജ്യത്തിന് നിർണായകമാണെന്ന് ഷാ ചൂണ്ടിക്കാട്ടി.

യുദ്ധങ്ങൾ വിവിധതരത്തിലുണ്ട്. ചിലത് ജനങ്ങൾ പെട്ടെന്നു മറക്കും. എന്നാൽ, ദൂരവ്യാപക സ്വാധീനമുണ്ടാക്കുന്ന യുദ്ധങ്ങളുണ്ട്. ശിവജിയുടെ നേതൃത്വത്തിൽ നടന്ന പാനിപ്പത്ത് യുദ്ധങ്ങൾ അത്തരത്തിലുള്ളതാണ്. 131 യുദ്ധങ്ങൾ ശിവജിയുടെ നേതൃത്വത്തിൽ മറാഠികൾ ജയിച്ചു. എന്നാൽ, മൂന്നാം പാനിപ്പത്ത് യുദ്ധത്തിൽ പരാജയപ്പെട്ടു. ഈ യുദ്ധത്തിൽ പരാജയപ്പെട്ടതോടെ ഇംഗ്ലീഷുകാർ ഇന്ത്യ കീഴടക്കി. ഇന്ത്യ 200 വർഷത്തേക്ക് അടിമത്തത്തിൽ വീണു. അത് നിർണായകമായ യുദ്ധമായിരുന്നു- അമിത് ഷാ പറഞ്ഞു.