Latest News

അലോക് വര്‍മ ‘ക്ലീന്‍’; അഴിമതിക്ക് തെളിവില്ല; നീക്കിയ നടപടി തിടുക്കത്തിലെന്നും ജസ്റ്റിസ് എ.കെ പട്‌നായിക്: ‘കുരുക്കിലായി’ മോദി സര്‍ക്കാര്‍

സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മയ്ക്ക് ക്ലീന്‍ചിറ്റുമായി ജസ്റ്റീസ് എ.കെ.പട്‌നായക്. അലോക് വര്‍മയ്‌ക്കെതിരെ അഴിമതിക്ക് തെളിവില്ലെന്നും വര്‍മ്മയെ മാറ്റാന്‍ ധൃതി കാട്ടേണ്ടതില്ലായിരുന്നുവെന്നും പട്‌നായക് പറഞ്ഞു. പട്‌നായകിന്റെ നേതൃത്വത്തിലായിരുന്നു സിവിസി അന്വേഷണം.

സിബിഐ ഡയറക്ടര്‍ സ്ഥാനത്തു നിന്ന് മാറ്റിയതിനു പിന്നാലെ കേന്ദ്ര സര്‍വീസില്‍ നിന്ന് അലോക് വര്‍മ്മ വെള്ളിയാഴ്ച രാജി വച്ചിരുന്നു. സിബിഐയുടെ വിശ്വാസ്യത തകര്‍ക്കുന്ന നടപടികള്‍ ചെറുക്കാന്‍ ശ്രമിച്ചു എന്ന പ്രതികരണത്തോടെയായിരുന്നു അലോക് വര്‍മ്മയുടെ രാജി.

”അലോക് വര്‍മയെ നീക്കിയ ഉന്നതാധികാര സമിതിയുടെ നടപടി തിടുക്കത്തിലുള്ളതായിപ്പോയി. അന്വേഷണം നടന്നത് സി.ബി.ഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയുടെ പരാതിയിലാണ്. രാകേഷ് അസ്താന നേരിട്ട് തന്റെ മുന്നില്‍ വന്ന് മൊഴി നല്‍കിയിട്ടില്ല. രാകേഷ് അസ്താനയുടെ മൊഴി എന്ന പേരില്‍ രാകേഷ് അസ്താന ഒപ്പുവെച്ച രണ്ട് പേജ് തനിക്ക് നല്‍കുകയായിരുന്നു”- ജസ്റ്റിസ് എ.കെ പട്‌നായിക് വ്യക്തമാക്കി.

അതിനിടെ അലോക് വര്‍മയുടെ രാജിയും എതിരാളിയായ സ്‌പെഷല്‍ ഡയറക്ടര്‍ രാകേഷ് അസ്താനക്കെതിരായ ഡല്‍ഹി ഹൈക്കോടതി വിധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രതിക്കൂട്ടിലാക്കി. അദ്ദേഹത്തിന്റെ വിശ്വസ്തനാണ് രാകേഷ് അസ്താന. അദ്ദേഹത്തിനെതിരെ കോഴക്കേസില്‍ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാനാണ് ഹൈക്കോടതി നിര്‍ദേശം.

അലോക് വര്‍മക്ക് പറയാനുള്ളതു കേള്‍ക്കാതെ, അസ്താനയുടെ പരാതി അംഗീകരിച്ച് അലോക് വര്‍മയെ പുറത്താക്കുകയാണ് പ്രധാനമന്ത്രി മേല്‍ക്കൈ നേടിയ ഉന്നതാധികാര സമിതി ചെയ്തതെന്ന വിഷയം മറുവശത്ത്. അലോക് വര്‍മയെ മാറ്റിയ ഉന്നതാധികാര സമിതിയുടെ തീരുമാനം പരക്കെ ചോദ്യംചെയ്യപ്പെടുന്നുണ്ട്.

ഡല്‍ഹി ഹൈക്കോടതിയാകെട്ട, അസ്താനക്കെതിരായ കോഴക്കേസില്‍ കുറ്റവിചാരണ നടപടി മുന്നോട്ടുകൊണ്ടുപോകാന്‍ സര്‍ക്കാറിന്റെ മുന്‍കൂര്‍ അനുമതിപോലും ആവശ്യമില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രധാനമന്ത്രി, ചീഫ് ജസ്റ്റിസ് നിയോഗിച്ച സുപ്രീംകോടതി ജഡ്ജി, ലോക്‌സഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയുടെ നേതാവ് എന്നിവര്‍ ഉള്‍പ്പെട്ട സമിതിയാണ് കഴിഞ്ഞ ദിവസം അലോക് വര്‍മയെ മാറ്റാന്‍ തീരുമാനിച്ചത്.

പ്രതിപക്ഷ പ്രതിനിധിയുടെ വാക്കുകള്‍ വിലപ്പോയില്ല. എന്നാല്‍, വര്‍മയെ പുറത്താക്കുന്നതിന് ഈ ഉന്നതതല സമിതി തീരുമാനിച്ചതാകെട്ട, അദ്ദേഹത്തിന്റെ ശത്രുവും പ്രധാനമന്ത്രിയുടെ വിശ്വസ്തനുമായ രാകേഷ് അസ്താനയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ്.

സിബിഐയുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരുടെ പേരും ഉള്‍പ്പെടുന്നുമെന്നിരിക്കെ, ഉന്നതാധികാര സമിതി യോഗത്തില്‍ നരേന്ദ്ര മോദി പെങ്കടുത്തതും ചോദ്യം ചെയ്യപ്പെടുകയാണ്.

ഈമാസം 31ന് വിരമിക്കാനിരിക്കേയാണ് വ്യാഴാഴ്ച അലോക് വര്‍മയെ സി.ബി.ഐ. ഡയറക്ടര്‍സ്ഥാനത്തുനിന്ന് നീക്കിയത്. കൈക്കൂലിക്കേസുമായി ബന്ധപ്പെട്ട് നിര്‍ബന്ധിത അവധിയില്‍ പോകേണ്ടിവന്ന വര്‍മ, സുപ്രീംകോടതി നിര്‍ദേശത്തെത്തുടര്‍ന്ന് സി.ബി.ഐ. ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തി 48 മണിക്കൂര്‍ തികയുംമുമ്പായിരുന്നു പുറത്താക്കല്‍.

കഴിഞ്ഞവര്‍ഷം ഓഗസ്റ്റില്‍ അസ്താന നല്‍കിയ പരാതിയാണ് കാബിനറ്റ് സെക്രട്ടറി സി.വി.സി.ക്ക് കൈമാറിയത്. അസ്താനയുടെ ആരോപണങ്ങളായിരുന്നു കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തിലേറെയും. കാബിനറ്റ് സെക്രട്ടറിയുടെ ഓഗസ്റ്റ് 24ലെ കുറിപ്പില്‍ വര്‍മയ്ക്കുനേരെ ഉന്നയിക്കുന്ന ആരോപണങ്ങളാണ് ജസ്റ്റിസ് പട്‌നായിക്കിന്റെ മേല്‍നോട്ടത്തില്‍ സി.വി.സി. അന്വേഷിച്ചത്. സി.വി.സി. റിപ്പോര്‍ട്ടില്‍ വര്‍മയ്‌ക്കെതിരേ പത്തിലേറെ കുറ്റാരോപണങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ഉന്നതാധികാരസമിതി തീരുമാനിച്ചത്.