National

ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്റര്‍ സിനിമ; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തിയേറ്റര്‍ തകര്‍ത്തു

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിങ്ങിന്റെ ഭരണകാലത്തെ ആസ്പദമാക്കി ചിത്രീകരിച്ച ബോളിവുഡ് ചിത്രം ആക്‌സിഡന്റല്‍ പ്രൈം മിനിസ്റ്ററിന്റെ പ്രദര്‍ശനം കൊല്‍ക്കത്തയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അലങ്കോലപ്പെടുത്തി. ചിത്രം മന്‍മോഹന്‍സിങ്, സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി എന്നിവരെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ചാണ് പ്രവര്‍ത്തകര്‍ പ്രദര്‍ശനം തടസപ്പെടുത്തിയത്.

പ്രവര്‍ത്തകര്‍ തിയേറ്ററിന് നേരെ ആക്രമണം അഴിച്ചുവിടുകയും നാശനഷ്ടങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു. കോണ്‍ഗ്രസ് പതാകകളുമായി എത്തിയായിരുന്നു പ്രവര്‍ത്തകരുടെ പ്രതിഷേധം. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കളെ അപമാനിക്കുന്നതാണ് ഈ ചിത്രമെന്നും ചിത്രം എവിടെയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും പ്രവര്‍ത്തകര്‍ അവകാശപ്പെട്ടു.

ഇവര്‍ സിനിമ കാണാനെത്തിയവരെ ഭീഷണിപ്പെടുത്തുകയും ഉടന്‍ തിയേറ്റര്‍ വിട്ട് പോകാന്‍ ആവശ്യപ്പെടുകയും ചെയ്തു. ‘മുതിര്‍ന്ന നേതാക്കന്മാരായ സോണിയ ഗാന്ധി, രാഹുല്‍ ഗാന്ധി, മന്‍മോഹന്‍ സിങ് എന്നിവരെ അപമാനിക്കുന്നതാണ് ചിത്രം. എവിടെയും ചിത്രം പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല.’ കോണ്‍ഗ്രസ് നേതാവ് രാകേഷ് സിങ് പറഞ്ഞതായി ഐ.എ.എന്‍.എസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സ്ഥലത്ത് പോലീസ് എത്തുകയും സ്ഥിഗതികള്‍ നിയന്ത്രണ വിധേയമാക്കിയ ശേഷം പ്രദര്‍ശനം തുടരുകയും ചെയ്തു.