ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം; 100 വിക്കറ്റ് തികച്ച് ഭുവനേശ്വര്‍

single-img
12 January 2019

ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് 289 റണ്‍സ് വിജയലക്ഷ്യം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ ഉസ്മാന്‍ ഖ്വാജ (81 പന്തില്‍ 59), ഷോണ്‍ മാര്‍ഷ് (70 പന്തില്‍ 54), പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബ് (61 പന്തില്‍ 73) എന്നിവരുടെ അര്‍ധസെഞ്ചുറികളുടെ പിന്‍ബലത്തില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 288 റണ്‍സെടുത്തു. മാര്‍ക്കസ് സ്‌റ്റോയ്‌നിസ് 43 പന്തില്‍ രണ്ടു വീതം ബൗണ്ടറിയും സിക്‌സും സഹിതം 47 റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കായി ഭുവനേശ്വര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ രണ്ടും ജഡേജ ഒരു വിക്കറ്റും വീഴ്ത്തി.

ഓസീസ് ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചിന്റെ വിക്കറ്റു വീഴ്ത്തി ഇന്ത്യയ്ക്ക് മികച്ച തുടക്കം സമ്മാനിച്ച പേസ് ബോളര്‍ ഭുവനേശ്വര്‍ കുമാര്‍, ഏകദിനത്തില്‍ 100 വിക്കറ്റ് പൂര്‍ത്തിയാക്കി. മൂന്നാം ഓവറിന്റെ രണ്ടാം പന്തില്‍ ഫിഞ്ചിന്റെ കുറ്റി തെറിപ്പിച്ചാണ് 100 വിക്കറ്റ് ക്ലബ്ബിലേക്ക് ഭുവിയുടെ രാജകീയ പ്രവേശം. 11 പന്തില്‍ ആറു റണ്‍സുമായാണ് ഫിഞ്ച് കൂടാരം കയറുമ്പോള്‍ ഓസീസ് സ്‌കോര്‍ ബോര്‍ഡില്‍ എട്ടു റണ്‍സ് മാത്രം.

സ്‌കോര്‍ 41ല്‍ നില്‍ക്കെ രണ്ടാം ഓപ്പണര്‍ അലക്‌സ് കാറെയെ കുല്‍ദീപ് യാദവും മടക്കിയതോടെ ഓസീസ് മറ്റൊരു തകര്‍ച്ചയിലേക്കാണെന്ന തോന്നലുയര്‍ന്നു. 31 പന്തില്‍ അഞ്ചു ബൗണ്ടറി സഹിതം 24 റണ്‍സെടുത്ത കാറെയെ കുല്‍ദീപ് യാദവിന്റെ പന്തില്‍ രോഹിത് ശര്‍മയാണു ക്യാച്ചെടുത്തു പുറത്താക്കിയത്.

ഇതിനു ശേഷമായിരുന്നു മൂന്നാം വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത് മാര്‍ഷ്–ഖവാജ സഖ്യത്തിന്റെ രക്ഷാപ്രവര്‍ത്തനം. ക്ഷമാപൂര്‍വം നിലയുറപ്പിച്ച സഖ്യം ഇന്ത്യയ്ക്ക് ഭീഷണിയാകുമെന്ന ഘട്ടത്തില്‍ രവീന്ദ്ര ജഡേജ രക്ഷകനായി. 81 പന്തില്‍ 59 റണ്‍സെടുത്ത ഖവാജയെ ജഡേജ എല്‍ബിയില്‍ കുരുക്കി. മൂന്നാം വിക്കറ്റില്‍ മാര്‍ഷിനൊപ്പം 92 റണ്‍സ് കൂട്ടുകെട്ടു തീര്‍ത്ത ശേഷമായിരുന്നു ഖവാജയുടെ മടക്കം.

നാലാം വിക്കറ്റില്‍ പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംബിനൊപ്പവും അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത മാര്‍ഷ് ഓസീസിനെ മുന്നോട്ടു നയിച്ചു. ഇതിനിടെ 65 പന്തില്‍ നാലു ബൗണ്ടറി സഹിതം മാര്‍ഷ് 13ാം അര്‍ധസെഞ്ചുറി പിന്നിട്ടു. സ്‌കോര്‍ 186ല്‍ നില്‍ക്കെ മാര്‍ഷിനെ മടക്കി കുല്‍ദീപ് ഇന്ത്യ കാത്തിരുന്ന ബ്രേക്ക് ത്രൂ സമ്മാനിച്ചു. നാലാം വിക്കറ്റില്‍ മാര്‍ഷ്–ഹാന്‍ഡ്‌സ്‌കോംബ് സഖ്യം കൂട്ടിച്ചേര്‍ത്തത് 53 റണ്‍സ്.

അഞ്ചാം വിക്കറ്റില്‍ തുടര്‍ച്ചയായ മൂന്നാം അര്‍ധസെഞ്ചുറി കൂട്ടുകെട്ടു തീര്‍ത്ത ഓസീസ് വീണ്ടും ഇന്ത്യയെ വെല്ലുവിളിച്ചു. ക്ഷമയോടെ നിലയുറപ്പിച്ച് പിന്നീട് ആഞ്ഞടിച്ച ഹാന്‍ഡ്‌സ്‌കോംബ്–സ്റ്റോയ്‌നിസ് സഖ്യം ഓസീസ് സ്‌കോര്‍ 200 കടത്തി. കുല്‍ദീപ് യാദവിന്റെ അവസാന ഓവറില്‍ രണ്ടു സിക്‌സുകളുമായി ആക്രമണ മോഡിലേക്കു മാറിയ സഖ്യം, ഓസീസിനെ 250 കടത്തി.

അധികം വൈകാതെ ഹാന്‍ഡ്‌സ്‌കോംബ് പുറത്തായി. 61 പന്തില്‍ ആറു ബൗണ്ടറിയും രണ്ടു സിക്‌സും സഹിതം 73 റണ്‍സെടുത്ത ഹാന്‍ഡ്‌സ്‌കോംബിനെ ഭുവനേശ്വര്‍ കുമാര്‍ ശിഖര്‍ ധവാന്റെ കൈകളിലെത്തിച്ചു. അവസാന ഓവറുകളില്‍ ഉദ്ദേശിച്ച രീതിയില്‍ തകര്‍ത്തടിക്കാനായില്ലെങ്കിലും സ്റ്റോയ്‌നിസ്–മാക്‌സ്‌വെല്‍ സഖ്യം ഓസീസ് സ്‌കോര്‍ 288ല്‍ എത്തിച്ചു.