മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുവാനുള്ള ഐഎസ്ആർഒയുടെ ദൗത്യത്തിന് മലയാളി നേതൃത്വം കൊടുക്കും

single-img
11 January 2019

മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന് മലയാളി നേതൃത്വം കൊടുക്കുമെന്ന് ഐഎസ്ആർഒ.  ഇന്ത്യൻ ബഹിരാകാശ ദൗത്യമായ ഗഗന്‍യാന്‍ 2021 ഡിസംബറില്‍ യാഥാര്‍ത്ഥ്യമാക്കുമെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.  മലയാളിയായ ഉണ്ണികൃഷ്ണന്‍ നായര്‍ക്കാണ് ദൗത്യത്തിന്റെ ചുമതല.

ഇതിന്റെ ചെലവിനായി 10,000 കോടി രൂപ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ടെന്ന് ഐഎസ്ആര്‍ഒ മേധാവി കെ ശിവന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗഗന്‍യാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ ഈ രംഗത്ത് ലോക രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ നാലാം സ്ഥാനത്ത് എത്തുമെന്നും കെ ശിവന്‍  പറഞ്ഞു.

കഴിഞ്ഞ സ്വാതന്ത്ര്യദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ഐഎസ്ആര്‍ഒയുടെ ദൗത്യം പ്രഖ്യാപിച്ചത്. ഗഗന്‍യാന്‍ ദൗത്യം വിജയകരമായി പൂര്‍ത്തിയാക്കാന്‍ റഷ്യ, ഫ്രാന്‍സ് എന്നി രാജ്യങ്ങളുടെ സഹായവും ഇന്ത്യ തേടിയിട്ടുണ്ട്. നിലവില്‍ ഗഗന്‍യാന്‍ ദൗത്യത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണെന്നും ഇത് യാഥാര്‍ത്ഥ്യമായാല്‍ ഐഎസ്ആര്‍ഒയുടെ മുന്നോട്ടുളള യാത്രയില്‍ വലിയ വഴിത്തിരിവാകുമെന്നും ശിവന്‍ പറഞ്ഞു.